വർക്കല-കടയ്ക്കാവൂർ റോഡിൽ ഷാപ്പുമുക്ക് മുതൽ വിളബ്ഭാഗം ജങ്ഷൻ വരെയുള്ള ഭാഗത്തെ ഓടയ്ക്കാണ് മിക്കഭാഗത്തും മേൽമൂടിയില്ലാത്തത്.
തിരക്കേറിയ റോഡിനോടു തൊട്ടുചേർന്നാണ് ആഴമുള്ള ഓടയുള്ളത്. ഈ ഭാഗത്ത് റോഡിനു വീതി വളരെ കുറവാണ്. ഒരേസമയം ഇരുവശത്തേക്കും വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടയാത്രക്കാർ വളരെയധികം ബുദ്ധിമുട്ടുന്നു. കടകൾക്കും വീടുകൾക്കും മുന്നിലുള്ള ഭാഗത്ത് മാത്രമാണ് ഓടയിൽ മേൽമൂടിയുള്ളത്. മറ്റുഭാഗങ്ങളിലാണ് അപകടമുള്ളത്.
ഈ ഭാഗത്ത് റോഡിൽ നല്ല വളവുകളുമുണ്ട്. കഷ്ടിച്ച് രണ്ട് വാഹനങ്ങൾ കടന്നുപോകാൻമാത്രം ഇടമുള്ള റോഡിൽ വാഹനാപകടങ്ങളും പതിവാണ്. വാഹനങ്ങൾക്ക് കടന്നുപോകാനായി കാൽനടയാത്രക്കാർ ഒഴിയുമ്പോൾ ഓടയിൽവീണ് അപകടത്തിൽപ്പെടാനുള്ള സാധ്യതയാണുള്ളത്.
വാഹനങ്ങളും ഇരുചക്രവാഹന യാത്രക്കാരും ഇതേരീതിയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്. സ്കൂൾ കുട്ടികളും വിളബ്ഭാഗം ചന്തയിൽപോകുന്ന സ്ത്രീകളടക്കമുള്ളവരും സഞ്ചരിക്കുന്ന റോഡാണിത്. റോഡിനും ഓടയ്ക്കും മധ്യേയുള്ള വൈദ്യുതി, ടെലിഫോൺ തൂണുകളും അപകടമുണ്ടാക്കുന്നുണ്ട്.
തൂണുകളുള്ള ഭാഗത്ത് കാൽനടയാത്രക്കാർ റോഡിലേക്കിറങ്ങി സഞ്ചരിക്കേണ്ടിവരുന്നു. അല്ലെങ്കിൽ വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്തുനിൽക്കേണ്ടിവരും. ഉപയോഗമില്ലാത്ത തൂണുകൾ ഇപ്പോഴും റോഡരികിൽ തുടരുന്നുണ്ട്.