ധാര്‍മികമായി സ്ഥാനത്തിരിക്കുന്നത് ശരിയല്ല; ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യവുമായി നടന്‍ ഇന്ദ്രന്‍സ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമിയുടെ ചെയര്‍മാനും സെക്രട്ടറിക്കും ഇന്ദ്രന്‍സ് ഇ മെയില്‍ അയച്ചിട്ടുണ്ട്.എളിയ ചലച്ചിത്ര പ്രവര്‍ത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതില്‍ നന്ദിയുണ്ടെന്നും എന്നാല്‍ താന്‍ നിലവില്‍ വിവിധ സിനിമകളുടെ ഭാഗമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ഇന്ദ്രന്‍സ് മെയിലില്‍ പറയുന്നു.താന്‍ പ്രവര്‍ത്തിക്കുന്ന വിവിധ സിനിമകളുടെ അണിയറപ്രവര്‍ത്തകര്‍ വിവിധ അവാര്‍ഡുകള്‍ക്കായി ചലച്ചിത്ര അക്കാദമിയിലേക്ക് അടക്കം അവരവരുടെ ചലച്ചിത്രങ്ങള്‍ അയക്കുന്നുണ്ട്. അതിനാല്‍ തന്നെ താന്‍ കൂടി ഭാഗമായ അക്കാദമിയുടെ സമിതിയില്‍ ഇരുന്നുള്ള അവാര്‍ഡ് നിര്‍ണയരീതി ധാര്‍മികമായി ശരിയല്ലെന്ന് അദ്ദേഹം ഇ മെയിലില്‍ വ്യക്തമാക്കുന്നുണ്ട്.അക്കാദമിയില്‍ അംഗമായതിന്റെ പേരില്‍ അവരുടെ കലാസൃഷ്ടികള്‍ അവാര്‍ഡിന് പരിഗണിക്കപ്പെടുന്നതില്‍ നിന്ന് തള്ളിപ്പോകാന്‍ പാടില്ലെന്നും ഇന്ദ്രന്‍സ് കൂട്ടിച്ചേര്‍ത്തു.