*ഗുരുദർശനത്തെ കാര്യലാഭത്തിനായി ഇകഴ്ത്തിക്കാട്ടുന്നു സ്വാമി സച്ചിദാനന്ദ*

ശിവഗിരിയിൽ നടന്ന സെമിനാറിൽ പങ്കെടുക്കുന്ന സ്വാമി ശാരദാനന്ദ, ഡോ. ബി.സുഗീത, ഡോ. വി.ആർ.ജോഷി, ഡോ. പി.ചന്ദ്രമോഹൻ, സ്വാമി സച്ചിദാനന്ദ, ഡോ. അമൽ സി.രാജൻ, ഡോ. അജയ് ശേഖർ, ഡോ. ഓമന, സ്വാമി ഗുരുപ്രസാദ് എന്നിവർ

ശിവഗിരി : കാര്യലാഭത്തിനുവേണ്ടി രാഷ്ട്രീയ പ്രസ്ഥാനങ്ങൾപോലും ഗുരുദർശനത്തെ ഇകഴ്ത്തിക്കാട്ടുന്നതായി ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവഗിരിയിൽ ശ്രീനാരായണ ധർമമീമാംസാ പരിഷത്തിന്റെ ഭാഗമായി ശ്രീനാരായണ ദർശനം സിദ്ധാന്തവും പ്രതിരോധവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മോഡറേറ്ററായി സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വഗുരുവായി പ്രകാശിക്കുകയും ലോകം അറിയുകയും ചെയ്യേണ്ട മഹാഗുരുവിനെ കേരളത്തിലെ ഒരു സമുദായത്തിന്റെ ഗുരുവായിമാത്രം ചിത്രീകരിക്കുന്നു.

ഗുരുദർശനം പ്രചരിപ്പിക്കാൻ സർക്കാരിനും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും കടമയുണ്ട്. കാരണം ഗുരുദേവനാണ് ആധുനിക കേരളത്തിന്റെ സ്രഷ്ടാവ്. കേരളത്തിൽ ശാന്തിയും സമാധാനവും സാമ്പത്തിക ഭദ്രതയും നിലനിൽക്കണമെങ്കിൽ ഗുരുവിന്റെ വിശ്വമാനവിക ദർശനം പ്രചരിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക പരിഷ്‌കർത്താവും വിപ്ലവകാരിയും നവോത്ഥാന നായകനും സമുദായ നേതാവുമൊക്കെയായി ഓരോരുത്തർ സൗകര്യപൂർവം ഗുരുവിനെ ചിത്രീകരിക്കുന്നത് സ്വകാര്യലാഭത്തിനാണെന്ന് സെമിനാർ വിലയിരുത്തി.

ഇത്തരം പ്രവണതകൾക്കെതിരേ ഗുരുദേവ വിശ്വാസികളും ഗുരുദേവ പ്രസ്ഥാനങ്ങളും കേരളീയ സമൂഹവും ജാഗ്രത പുലർത്തണമെന്ന പ്രമേയവും പാസാക്കി.
ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ്, സ്വാമി വിശാലാനന്ദ, പിന്നാക്ക സമുദായവകുപ്പ് മുൻ ഡയറക്ടർ വി.ആർ.ജോഷി, ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രത്തിലെ ഡോ. അമൽ സി.രാജൻ, മുൻ വൈസ് ചാൻസലർ ഡോ. പി.ചന്ദ്രമോഹൻ, കാലടി സംസ്കൃത സർവകലാശാലയിലെ ഡോ. അജയ് ശേഖർ, കുറിച്ചി സദൻ, ഡോ. എസ്.ഓമന, ശ്രീനാരായണഗുരു അന്തർദേശീയ പഠനകേന്ദ്രം ഡയറക്ടർ ഡോ. ബി.സുഗീത, സദാശിവൻ മാവൂർ, ഗുരുദർശന രഘ്‌ന, മോഹൻകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.