*ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്തെ എല്ലാ മതനിരപേക്ഷ ജനാധിപത്യ കക്ഷികളും ഒന്നിക്കണം: യെച്ചൂരി*

കണ്ണൂർ:ബിജെപിയെ പരാജയപ്പെടുത്തി രാജ്യത്തെ രക്ഷിക്കാൻ എല്ലാ മതനിരപേക്ഷ - ജനാധിപത്യ കക്ഷികളും ഒന്നിക്കണമെന്ന്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിയെ ഒറ്റപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും ചർച്ചകളും പാർട്ടി കോൺഗ്രസിൽ നടത്തും. ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്‌ പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു യെച്ചൂരി
മതധ്രുവീകരണം ബിജെപി രാഷ്ട്രീയ മുന്നേറ്റത്തിന് ഉപയോഗിക്കുന്നു. ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ മതനിരപേക്ഷ സമീപനം വേണം. കോണ്‍ഗ്രസും ചില പ്രാദേശിക പാര്‍ട്ടികളും ഇതിനായി നിലപാട് ഉറപ്പിക്കണം. ബിജെപിയുടെ നയങ്ങൾക്ക്‌ ബദൽ സോഷ്യലിസമാണ്‌. കേവലം തെരഞ്ഞെടുപ്പിൽ മാത്രമല്ല ബിജെപിയെ പരാജയപ്പെടുത്തേണ്ടത്‌. സമൂഹത്തിൽ അവർ കൊണ്ടുവാരാൻ ശ്രമിക്കുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളെയും ഒറ്റപ്പെടുത്തണം. ഇതിന്‌ രാജ്യത്ത്‌ ഇടത്‌ പാർട്ടികളുടെ യോജിച്ച പ്രവർത്തനം ആവശ്യമായ ഘട്ടമാണ്‌. വർഗീയതയോടുള്ള വിട്ടുവീഴ്‌ചാ മനോഭാവം സ്വന്തം ചേരിയിൽ നിന്ന് മറുചേരിയിലേക്ക് ആളൊഴുക്കിന് വഴിയൊരുക്കും.

മതനിരപേക്ഷ ജനാധിപത്യ കക്ഷികളുടെ കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ബിജെപിയെ പരാജയപ്പെടുത്തൽ സാധ്യമാകൂ. ഫെഡറൽ അവകാശങ്ങളടക്കം ഭരണഘടന ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളേയും കേന്ദ്രം അട്ടിമറിക്കുകയാണ്‌. മൗലിക അവകാശങ്ങളിലേക്കുപോലും കടന്നുകയറുന്നു. ഭരണഘടനാ സ്ഥാപനങ്ങളിലും സ്വതന്ത്ര്യമായ പ്രവർത്തനം തടസ്സപ്പെടുകയാണ്‌. മോഡിയുടെ ഏകാധിപത്യത്തിൽ വർഗീയ കോർപ്പറേറ്റ്‌ സഹകരണമാണ്‌ രാജ്യത്ത്‌ നടക്കുന്നത്‌.

കോവിഡ്‌ മഹാമാരിയെ കേന്ദ്രം നേരിട്ടത്‌ നാം കണ്ടു. ഗംഗയിൽ ശവങ്ങൾ ഒഴുകി. തീവ്ര വലതുപക്ഷ നയങ്ങൾ പിന്തുടരുന്ന സർക്കാർ ജനങ്ങൾക്കുവേണ്ടി നിലകൊള്ളുന്നവരല്ല. മഹാമാരിയിൽ ജനങ്ങളെ എങ്ങനെ സംരക്ഷിക്കണമെന്നതിന്‌ കേരളം ലോകത്തിനുതന്നെ മാതൃകയായി. എൽഡിഎഫ്‌ സർക്കാരിന്റെ മുഖ്യ പരിഗണന ജനങ്ങളുടെ  ജീവിതമായിരുന്നു. അമേരിക്ക അടക്കമുള്ള മുതലാളിത്ത രാജ്യങ്ങൾപോലും പരാജയപ്പെട്ടിടത്താണ്‌ കേരളം മഹത്തായ മാതൃക തീർത്തത്‌.

റഷ്യ - ഉക്രയ്‌ൻ യുദ്ധത്തിന്‌ കാരണക്കാർ അമേരിക്കയാണ്‌. നാറ്റോ വിപുലീകരിക്കാൻ അവർ ശ്രമിക്കുന്നത്‌ സാമ്രാജ്യത്വ ഇടപെടൽ ലക്ഷ്യമിട്ടുകൊണ്ടാണ്‌. യുദ്ധം യഥാര്‍ത്ഥത്തില്‍ റഷ്യയും അമേരിക്കയും തമ്മിലാണ്. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്‍റെ ജൂനിയര്‍ പങ്കാളിയാണ് ഇന്ത്യ. ക്വാഡ്‌ സഖ്യത്തിൽനിന്ന്‌ ഇന്ത്യ പിൻമാറണം. പല രംഗത്തും അമേരിക്കൻ മേധാവിത്വം ചെറുക്കുന്നത്‌ ചൈനയാണ്‌. അതുകൊണ്ട്‌ ചൈനയെ ഒറ്റപ്പെടുത്താനാണ്‌ ഇപ്പോൾ അമേരിക്ക ശ്രമിക്കുന്നത്‌ - യെച്ചൂരി പറഞ്ഞു.