*വണ്ടിയുടെ ടയർ പൊട്ടിത്തെറിച്ചു; മന്ത്രി ബാലഗോപാൽ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു*

തിരുവനന്തപുരം: മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ഔദ്യോഗിക കാറിന്റെ ടയർ ഓട്ടത്തിനിടെ പൊട്ടിത്തെറിച്ചു. ഡിസ്‌കോടെയാണ് ടയർ പൊട്ടിയത്. പിന്നിലെ ടയറാണ് പൊട്ടിത്തെറിച്ചത്. വണ്ടി നിയന്ത്രണം വിട്ടെങ്കിലും വേഗം കുറവായതിനാൽ അപകടമൊഴിവായി.

വെള്ളിയാഴ്ച രാത്രി കുറവൻകോണത്ത് വെച്ചാണ് സംഭവം. വാഹനം റോഡിലുരസി നിന്നു. അപകടസമയത്ത് വാഹനം 20 കിലോമീറ്റർ വേഗതയിലാണ് ഓടിയത്. മറ്റൊരു വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. രണ്ടു ലക്ഷം കിലോമീറ്റർ ഓടിയ ഇന്നോവ കാറാണ് മന്ത്രി ഉപയോഗിക്കുന്നത്.

മന്ത്രിമാരുടെ ഔദ്യോഗിക വാഹനങ്ങളുടെ ഉത്തരവാദിത്വമുള്ള ടൂറിസം വകുപ്പിന് ധനവകുപ്പ് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകി. വാഹനത്തിന്റെ കാലപ്പഴക്കമാണ് ഡിസ്‌കോടെ ടയർ പൊട്ടിത്തെറിക്കാൻ ഇടയാക്കിയതെന്ന് ധനവകുപ്പ്, ടൂറിസം വകുപ്പിനെ അറിയിച്ചെന്നാണ് വിവരം.