ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ

തിരുവനന്തപുരം: ഇടതു മുന്നണി കണ്‍വീനറായി മുതിര്‍ന്ന നേതാവ് ഇ പി ജയരാജനെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തീരുമാനം.എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോ അംഗമായ സാഹചര്യത്തിലാണ് മാറ്റം.

ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ഇപി ജയരാജന്റെ നിയമനത്തില്‍ തീരുമാനമെടുത്തത്. എകെ ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടേറിയറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു.

നിലവില്‍ എല്‍ഡിഎഫ് കണ്‍വീനറായ എ വിജയരാഘവന്‍ പൊളിറ്റ് ബ്യൂറോ അംഗമാവുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം വേണ്ടിവന്നത്. പിബി അംഗമാവുന്നതോടെ വിജയരാഘവന്‍ ഡല്‍ഹി കേന്ദ്രീകരിച്ചായിരിക്കും പ്രവര്‍ത്തിക്കുക.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും. പുത്തലത്തു ദിനേശനെ പൊളിറ്റിക്കല്‍ സെക്രട്ടറി പദവിയില്‍നിന്നു മാറ്റി ദേശാഭിമാനിയില്‍ നിയോഗിക്കുമെന്നു സൂചനകളുണ്ട്. പി ശശി പകരം മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയേക്കും.