എന്റെ തൊഴില്‍ എന്റെ അഭിമാനം കാമ്പയിന്‍ സംഘടിപ്പിക്കുന്നു.

തൊഴില്‍ തേടുന്നവരെ കണ്ടെത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ എന്റെ തൊഴില്‍ എന്റെ അഭിമാനം എന്ന പേരിൽ കാമ്പയിന്‍ സംഘടിപ്പിക്കുന്നു. മേയ് എട്ട് മുതല്‍ 15 വരെയാണ് കാമ്പയിൻ സംഘടിപ്പിക്കുന്നത്.

നോളഡ്ജ് ഇക്കോണമി മിഷനായാണ് കാമ്പയിൻ നടത്തുന്നത്. കെ - ഡിസ്‌കിന് കീഴില്‍ നോളഡ്ജ് ഇക്കോണമി മിഷന്‍ തയ്യാറാക്കിയ ഡിജിറ്റല്‍ വര്‍ക്ക്ഫോഴ്സ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ തൊഴിലന്വേഷകരെ ചേര്‍ക്കുകയാണ് ലക്ഷ്യം.

നോളഡ്ജ് ഇക്കോണമി മിഷനില്‍ നടന്ന രജിസ്ട്രേഷനെ തുടര്‍ന്ന് 14 ജില്ലകളിലും തൊഴില്‍ മേള സംഘടിപ്പിച്ചിരുന്നു. അ‌ഞ്ചു വര്‍ഷത്തിനുള്ളില്‍ 20ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനുള്ള സാഹചര്യം ഒരുക്കുകയാണ് ലക്ഷ്യം.

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ അഭ്യസ്തവിദ്യരുടെ വിവരങ്ങള്‍ വീടുകള്‍ തോറും സര്‍വേ നടത്തി ശേഖരിക്കും. ജോലി ഉപേക്ഷിക്കേണ്ടിവന്ന വനിതകള്‍ക്ക് പ്രത്യേകം ഉൗന്നല്‍ നല്‍കും.

നൈപുണ്യ പരിശീലനം നല്‍കി ഉദ്യോഗാര്‍ത്ഥികളെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികള്‍ കേരള നോളഡ്ജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. കില,കെ.കെ.എം.എം എന്നീ ഏജന്‍സികളും കാമ്ബെയിനിന്റെ പരിശീലനങ്ങളും മറ്റു സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുണ്ട്.

▪️ 18 മുതല്‍ 59 വയസുവരെ

18 വയസ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ മുതല്‍ 59 വയസുവരെയുള്ളവ‌രെയുള്ള തൊഴില്‍ സന്നദ്ധരുടെ വിവരങ്ങളാണ് ശേഖരിക്കുന്നത്. യുറേക്കാ ഫോബ്സ്, കിംസ് ഹെല്‍ത്ത്, പോപ്പുലര്‍ ഹ്യുണ്ടായ്, യു.എസ്.ടി ഗ്ലോബല്‍, ടി.സി.എസ്, എച്ച്‌.ഡി.എഫ്.സി, ഇസാഫ് ബാങ്ക് തുടങ്ങിയ പ്രമുഖ കമ്ബനികള്‍ പദ്ധതിയുടെ ഭാഗമാണ്. ഉദ്യോഗാര്‍‌ത്ഥികള്‍ക്ക് knowledgemission.kerala.gov.in വഴിയും രജിസ്റ്റര്‍ ചെയ്യാം.