*വെറുതേ കൊടുത്താലും വാക്‌സിന് ആളില്ല കോവിഷീല്‍ഡ് ഉത്പാദനം നിര്‍ത്തി*

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധവാക്‌സിന്‍ വലിയതോതില്‍ കെട്ടിക്കിടക്കുന്നതിനാല്‍ പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഉത്പാദനം നിര്‍ത്തിവെച്ചു. വാക്‌സിന്റെ ആവശ്യം കുറഞ്ഞതോടെ കഴിഞ്ഞ ഡിസംബര്‍ 31 മുതല്‍ ഉത്പാദനം മന്ദഗതിയിലാക്കിയിരുന്നു. 20 കോടി ഡോസ് മരുന്നുകമ്പനികളില്‍ കെട്ടിക്കിടക്കുകയാണ്. ഒമ്പതുമാസമാണ് വാക്‌സിന്റെ കാലാവധി. സൗജന്യമായി നല്‍കാമെന്ന് അറിയിച്ചിട്ടും ആവശ്യക്കാരില്ലെന്ന് കമ്പനി മേധാവി അദാര്‍ പൂനാവാലെ പറഞ്ഞു.

ആസ്ട്ര സെനെക്കയുമായി ചേര്‍ന്ന് കോവിഷീല്‍ഡാണ് കമ്പനി നിര്‍മിക്കുന്ന പ്രധാന കോവിഡ് പ്രതിരോധ വാക്‌സിന്‍. 100 കോടിയിലധികം ഡോസ് വാക്‌സിന്‍ ഇതിനകം ഉത്പാദിപ്പിച്ചു. യു.എസ്. മരുന്നുനിര്‍മാണ കമ്പനിയായ നൊവാവാക്‌സിന്റെ കോവോവാക്‌സും കമ്പനി നിര്‍മിക്കുന്നുണ്ട്. രാജ്യത്ത് ഭൂരിഭാഗംപേരും കുത്തിവെപ്പെടുത്തതും കോവിഡിനോടു പൊരുത്തപ്പെട്ട് ജീവിച്ചുതുടങ്ങിയതും നിയന്ത്രണങ്ങളില്‍ ഇളവുവന്നതുമൊക്കെ വാക്‌സിന്‍ ഉപയോഗത്തെ ബാധിച്ചെന്നാണ് വിലയിരുത്തല്‍

കോവിഡിന്റെ ആദ്യഘട്ടത്തില്‍ വാക്‌സിനുവേണ്ടി ഇന്ത്യയടക്കം എല്ലാ രാജ്യങ്ങളും നെട്ടോട്ടമായിരുന്നു. പിന്നീട് വാക്‌സിനെത്തിയപ്പോഴും സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന രാജ്യങ്ങളില്‍ കൃത്യമായി വിതരണം നടക്കുമോയെന്ന കാര്യത്തില്‍ ലോകാരോഗ്യ സംഘടനയടക്കം ആശങ്കപ്പെട്ടിരുന്നു. മരുന്നുനിര്‍മാണ മേഖലയില്‍ ആഗോളതലത്തില്‍തന്നെ മുന്നില്‍നില്‍ക്കുന്ന ഇന്ത്യക്ക് പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ ആശങ്കപ്പെടേണ്ടിവന്നില്ല. എന്നാല്‍, പല മൂന്നാം ലോകരാജ്യങ്ങളിലും കുത്തിവെപ്പ് കാര്യക്ഷമമല്ലാതിരുന്നിട്ടും ആഗോള തലത്തില്‍ വാക്‌സിന് ആവശ്യം കുറഞ്ഞു.

പ്രതിദിനരോഗികള്‍വീണ്ടും 300 കടന്നു; ആകെ മരണം 68,820

ടി.ജി. ബേബിക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം തുടര്‍ച്ചയായി നാലാംദിവസവും 300 കടന്നു. കഴിഞ്ഞ ഞായറാഴ്ചയ്ക്കുശേഷം വെള്ളിയാഴ്ചവരെ 204 പേരുടെ മരണം പുതുതായി കൂട്ടിച്ചേര്‍ത്തു. ആകെ മരണം 68,820-ലെത്തി.

കോവിഡ് ജാഗ്രത കൈവെടിയാന്‍ നേരമായില്ലെന്ന സൂചനകളാണ് ഈ കണക്കുകളെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. പൊതുസ്ഥലങ്ങളില്‍പോലും മാസ്‌ക് ഉപയോഗിക്കാത്ത പ്രവണതയ്‌ക്കെതിരേ അവര്‍ മുന്നറിയിപ്പുനല്‍കുന്നു. ഡല്‍ഹിയിലും മറ്റും രോഗികളുടെ എണ്ണം വീണ്ടും ഉയര്‍ന്നുതുടങ്ങി. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഗുരുതരസ്വഭാവമുള്ളതല്ലെങ്കിലും പകര്‍ച്ചാശേഷി കൂടുതലാണെന്നും അവര്‍ വ്യക്തമാക്കുന്നു.

അതേസമയം, ജില്ലകളില്‍ രോഗികളുടെ എണ്ണം ഉയരുന്നുണ്ടോ എന്ന് നിരന്തരം നിരീക്ഷിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ക്ലസ്റ്ററുകള്‍ രൂപപ്പെടാന്‍ സാധ്യതയുണ്ടോയെന്ന് നിരീക്ഷിക്കണമെന്നും കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശം നല്‍കി.

സംസ്ഥാനത്തെ രോഗസ്ഥിരീകരണനിരക്ക് കഴിഞ്ഞദിവസം 0.52 ശതമാനമായിരുന്നു. ഒരാഴ്ചത്തെ ശരാശരിയാകട്ടെ 1.71 ശതമാനവും.

ഏപ്രില്‍ 17-നും 22-നുമിടയില്‍ 1790 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അപ്പീല്‍ നല്‍കിയതടക്കം ഈമാസം 22 ദിവസത്തെ മരണങ്ങള്‍മാത്രം 907 ആണ്. ഈമാസം 10മുതല്‍ 18വരെ ഒട്ടുമിക്കദിവസങ്ങളിലും രോഗികളുടെ എണ്ണം 300-ല്‍ താഴെയായിരുന്നു. ഇതോടെ പ്രതിദിനരോഗികളുടെ എണ്ണം മാധ്യമങ്ങള്‍ക്കുനല്‍കുന്നത് ആരോഗ്യവകുപ്പ് നിര്‍ത്തലാക്കിയിരുന്നു. പൊതുജനങ്ങളില്‍ ജാഗ്രതക്കുറവുണ്ടാകാന്‍ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

രാജ്യത്ത് 2527 പേര്‍ക്കുകൂടി കോവിഡ്
ന്യൂഡല്‍ഹി: ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറിനിടെ രാജ്യത്ത് 2527 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു.

15,079 പേരാണ് ചികിത്സയിലുള്ളത്. 33 പേര്‍കൂടി മരിച്ചതോടെ ആകെ മരണം 5,22,149 ആയി. 0.56 ശതമാനമാണ് പ്രതിദിന രോഗസ്ഥിരീകരണനിരക്ക്. ഇതുവരെ 187.46 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തു.

5 - 12 പ്രായക്കാര്‍ക്ക് വാക്സിന്‍ വിദഗ്ധസമിതി പഠനം തുടങ്ങി

സ്വന്തം ലേഖിക

ന്യൂഡല്‍ഹി: അഞ്ചുമുതല്‍ 12 വരെ പ്രായമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് വിദഗ്ധസമിതി പഠനം ആരംഭിച്ചതായി ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ അറിയിച്ചു.രാജ്യത്ത് നാലാംതരംഗത്തിന്റെ സാധ്യത കണക്കിലെടുത്ത് കുത്തിവെപ്പ് വേഗത്തിലാക്കാനാണ് കേന്ദ്രതീരുമാനം.

നിലവില്‍ 12 വയസ്സിനുമുകളിലുള്ളവരെ വാക്‌സിന്‍ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നുണ്ട്. ഇതു വിപുലീകരിക്കാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. റെഗുലര്‍ ക്ലാസുകള്‍ ആരംഭിച്ചതിനാല്‍ വാക്‌സിനെടുക്കാത്ത കുട്ടികളെ സ്‌കൂളില്‍ അയക്കാനായി രക്ഷിതാക്കള്‍ ആശങ്കപ്പെടുന്ന പശ്ചാത്തലത്തിലാണ് പഠനം.അഞ്ചുമുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളില്‍ കോവിഡ് പ്രതിരോധവാക്‌സിനായ കോര്‍ബേവാക്‌സ് ഉപയോഗിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക്(ഡി.സി.ജി.ഐ.) കീഴിലുള്ള വിഷയ വിദഗ്ധസമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്.

ഈ പ്രായപരിധിയിലുള്ള കുട്ടികളുടെ കണക്കുകളും കുത്തിവെപ്പിന്റെ പുരോഗതിയും ചര്‍ച്ചചെയ്യാന്‍ വ്യാഴാഴ്ച വിദഗ്ധസമിതി യോഗം ചേര്‍ന്നിരുന്നു. യോഗത്തിലെ ശുപാര്‍ശകള്‍ ഡി.സി.ജി.ഐ.ക്ക് അയച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാല്‍മാത്രമേ തുടര്‍നടപടികള്‍ ആരംഭിക്കൂ.

നിലവില്‍ 12 മുതല്‍ 14 വയസ്സ് വരെയുള്ളവര്‍ക്കാണ് കോര്‍ബേവാക്‌സ് നല്‍കുന്നത്. 28 ദിവസത്തെ ഇടവേളയില്‍ രണ്ട് ഡോസ് എന്ന രീതിയില്‍ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ മാത്രമേ കോര്‍ബേവാക്‌സ് നല്‍കുന്നുള്ളൂ.