*ശാർക്കര മീനഭരണി ഉത്സവത്തിന് ഭക്തിനിർഭരമായ സമാപനം*

*കാർഷിക വ്യാപാര വിപണനമേള തുടരും*
*മീനഭരണി ഉത്സവത്തോടനുബന്ധിച്ച് ചിറയിൻകീഴ് ശാർക്കര ദേവീക്ഷേത്രത്തിൽ നടന്ന ഗരുഡൻ തൂക്കം*

ശാർക്കര : ശാർക്കര മീനഭരണി ഉത്സവത്തിന് ആറാട്ടോടെ ഭക്തിനിർഭരമായ സമാപനം. തിങ്കളാഴ്ച ക്ഷേത്രത്തിൽ നടന്ന ഗരുഡൻ തൂക്ക നേർച്ചയ്ക്ക് വില്ല് വലിക്കാൻ നാടിന്റെ നാനാഭാഗത്തുനിന്നു ഭക്തരെത്തി. 276 തൂക്ക നേർച്ചകളാണ് ഇത്തവണയുണ്ടായിരുന്നത്.

രാവിലെ ക്ഷേത്രം വലംവെച്ച് തൊഴുത് ശരീരമാസകലം ചന്ദനം പൂശി ശുദ്ധിവരുത്തി കസവുസാരി നൂലിൽ ഞൊറിഞ്ഞുടുത്ത് നേര്യത് കൊണ്ട് തലപ്പാവ് മുറുക്കിക്കെട്ടി അതിനുമുകളിൽ റിബൺ ചേർത്ത് കെട്ടി കൈക്കെട്ടും കഴുത്തിൽ ഹാരവും മുഖത്തെഴുത്തും അണിഞ്ഞ് വാദ്യത്തോടെ നൃത്തം ചവിട്ടിയാണ് തൂക്കനേർച്ചക്കാർ ഭഗവതിക്കൊട്ടാരത്തിൽനിന്നു ക്ഷേത്രസന്നിധിയിലെത്തിയത്.

ഉടുത്ത് കെട്ടു മുറുക്കി ഹാരമണിഞ്ഞ് കിഴക്കേനടയിൽനിന്ന് നേർച്ചക്കാരുടെ തൂക്കക്കാരൻ വില്ലിലേറി. രണ്ട് വില്ലുകളിലായാണ് ശാർക്കരയിൽ തൂക്കനേർച്ച. ക്ഷേത്രത്തിനെ പ്രദക്ഷിണം വെച്ചെത്തിയ വില്ല് വടക്കേനടയിൽ താഴ്ത്തുന്നതോടെ തൂക്കക്കാരന് ദേവിയെ കണ്ടു തൊഴാനാകുന്നു. പിള്ളത്തൂക്കനേർച്ചയെടുത്ത് വീണ്ടും വില്ലിലേറി കിഴക്കേനടയിൽ പ്രദക്ഷിണം അവസാനിപ്പിക്കുന്നതോടെ തൂക്കനേർച്ചയ്ക്ക് പരിസമാപ്തിയാകുന്നു. രാവിലെ 7-ന് ആരംഭിച്ച നേർച്ചത്തൂക്കം രാത്രി വൈകിയാണ് സമാപിച്ചത്.

ഇടയ്ക്ക് പെയ്ത മഴ വില്ലിന്റെ പ്രദക്ഷിണ വേഗത്തെ അല്പം മന്ദീഭവിപ്പിച്ചെങ്കിലും അതൊന്നും കാര്യമാക്കാതെ വില്ല് വലിച്ച് നേർച്ച പൂർത്തിയാക്കാൻ ഭക്തരുടെ സജീവസാനിധ്യം തുണയേകി. ഗരുഡൻ തൂക്ക വഴിപാടുകൾ അവസാനിച്ചതോടെ രാത്രി ഗജവീരന്മാരുടെ അകമ്പടിയോടെ ദേവിയുടെ ആറാട്ടെഴുന്നള്ളത്താരംഭിച്ചു. ക്ഷേത്രത്തിൽനിന്നു പുറപ്പെട്ട എഴുന്നള്ളത്ത് വലിയകട, ഒറ്റപ്ലാംമുക്ക്, പടനിലം വഴി റെയിൽവേ ലൈൻ കടന്ന് ആൽത്തറമൂട്ടിലെത്തി ആറാട്ട് കഴിഞ്ഞ് ഘോഷയാത്രയോടെ പണ്ടകശ്ശാലവഴി ക്ഷേത്രത്തിൽ തിരിച്ചെത്തിയയോടെ എഴുന്നള്ളത്ത് അവസാനിച്ചു.

രാത്രി 12.30-തോടെ വലിയകാണിക്ക കഴിഞ്ഞ് കൊടിയിറക്കിയതോടെ ഈ വർഷത്തെ മീനഭരണി ഉത്സവത്തിനു സമാപനമായി.

കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവു വന്നതോടെ ഇക്കുറി ഭക്തസഹസ്രങ്ങളാണ് ശാർക്കരയിലെത്തി ഉത്സവാഘോഷ ചടങ്ങുകളിൽ പങ്കുകൊണ്ടത്. പത്തുദിവസത്തെ ഉത്സവച്ചടങ്ങുകൾ ദർശിക്കാൻ അഭൂതപൂർവമായ ജനത്തിരക്കായിരുന്നു ശാർക്കരയിൽ. ഉത്സവത്തിന് തിങ്കളാഴ്ച സമാപനമായെങ്കിലും ക്ഷേത്രപ്പറമ്പിൽ നടന്നുവരുന്ന കാർഷിക വ്യാപാര വിപണനമേള രണ്ടുമാസത്തോളം തുടരും