“വീട്ടിലേക്ക് വരുമോ”? വാക്ക് പാലിച്ച് സ്റ്റാലിൻ; വിദ്യാർത്ഥിയുടെ വീട്ടിലെത്തി മുഖ്യമന്ത്രി…

സ്റ്റാലിൻ എന്ന മുഖ്യമന്ത്രിയ്ക്ക് ഇന്ന് വിശേഷണങ്ങൾ ആവശ്യമില്ല. ഇളകി മറിയുന്ന രാഷ്ട്രീയ മണ്ഡലങ്ങളിൽ നിന്ന് സ്റാലിൻ സാധാരണക്കാർക്കിടയിൽ താരമായി. തമിഴ്നാട് മക്കളുടെ നേതാവായി. യുവാക്കൾക്ക് പ്രചോദനമായി. ഞാൻ “ഉങ്കളില്‍ ഒരുവന്‍” എന്ന് വിളിച്ചുപറയുന്നതിലും തെളിയിക്കുന്നതിലും സ്റാലിൻ എന്ന മുഖ്യമന്ത്രി പരാജയപ്പെട്ടില്ല. വാർത്തകളിൽ അദ്ദേഹം നിറഞ്ഞുനിന്നു. ഇപ്പോൾ ഒരിക്കൽ കൂടി സ്റ്റാലിൻ എന്ന പേര് ആഘോഷിക്കുകയാണ് മാധ്യമങ്ങൾ.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ദിവ്യ എന്ന വിദ്യാർത്ഥിയുടെ വീട് സന്ദർശിച്ച സ്റ്റാലിന്റെ വീഡിയോ. ആദിവാസി വിദ്യാർത്ഥിനിയായ ദിവ്യയുടെ വീട്ടിലേക്കാണ് സ്റ്റാലിൻ എത്തിയത്. ഒരിക്കൽ വീഡിയോ കോൾ വഴി സ്റ്റാലിൻ ഇവരുമായി സംസാരിച്ചിരുന്നു. ‘അങ്കിളേ.. അങ്കിളിനെ നേരിട്ട് കണ്ടതിൽ വളരെ സന്തോഷമായിരുന്നു. ഞങ്ങളുടെ വീട്ടിലേക്ക് കൂടി വന്നാൽ ഒരുപാട് സന്തോഷമാകും” എന്നാണ് വീഡിയോ കോളിൽ ദിവ്യ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഒരിക്കൽ വരാമെന്ന് സ്റ്റാലിൻ മറുപടി നൽകുകയും വന്നാൽ ഭക്ഷണം നൽകുമോ എന്ന് തിരിച്ച് ചോദിക്കുകയും ചെയ്തു. താൻ പറഞ്ഞ വാക്ക് പാലിച്ചിരിക്കുകയാണ് സ്റ്റാലിൻ.ഒടുവിൽ മുഖ്യമന്ത്രി സ്റ്റാലിൻ ആ വിദ്യാർഥിയുടെ വീട്ടിലെത്തി. ഭക്ഷണവും കഴിച്ചു. കുറച്ച് നേരം അവർക്കൊപ്പവും കുട്ടികൾക്കൊപ്പവും സമയം ചെലവിട്ട ശേഷമാണ് സ്റാലിൻ തിരിച്ചുപോയത്. അവാഡിക്കടുത്ത് പരുത്തിപ്പട്ട് എന്ന ഗ്രാമത്തിലാണ് സ്റ്റാലിൻ ദിവ്യയെ കാണാൻ എത്തിയത്. നരിക്കുറവർ എന്ന സമുദായത്തിൽപ്പെട്ടവരാണ് ഇവർ. തങ്ങൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ദിവ്യ മുൻപ് തുറന്ന് പറഞ്ഞിരുന്നു. പെൺകുട്ടിയുടെ വാക്കുകൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുകയും സ്റ്റാലിൻ നേരിട്ട് വിദ്യയെ വിളിച്ച് സംസാരിക്കുകയും ചെയ്തു. ഗ്രാമത്തിലെ മറ്റ് കുട്ടികളോടും സ്റ്റാലിൻ വീഡിയോ കോളിൽ സംസാരിച്ചിരുന്നു. അന്നാണ് വിദ്യാർഥിനി മുഖ്യമന്ത്രിയെ വീട്ടിലേക്ക് ക്ഷണിച്ചത്. പിന്നാലെ അദ്ദേഹം ഗ്രാമത്തിലെത്തി പെൺകുട്ടിയുടെ വീട്ടിലെത്തി ഭക്ഷണം കഴിക്കുകയായിരുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.