വീതികുറഞ്ഞതും, ഇന്ത്യയിൽ തന്നെ ഏറ്റവും വാഹന സാന്ദ്രത ഏറിയ നിരത്തുകളും, അതിൽ തിക്കി തിരക്കി നീങ്ങുന്ന വാഹനങ്ങളുമുള്ള കേരളത്തിൽ ഒരിഞ്ച് പോലും അശ്രദ്ധയ്ക്ക് ഇടമില്ല എന്നതാണ് വാസ്തവം. ഡിഫൻസീവ് ഡ്രൈവിംഗ് ശീലങ്ങൾ അനുവർത്തിക്കുകയും നിരന്തരം പരിശീലിക്കുകയും സ്വഭാവത്തിന്റെ ഭാഗമാക്കുകയും ചെയ്യുക എന്നതാണ് ഓരോ ഡ്രൈവറും മറ്റ് യാത്രക്കാരും ചെയ്യേണ്ടത്.
ഡ്രൈവിംഗ് മാത്രമല്ല വാഹനത്തിൽ കയറുന്നതും ഇറങ്ങുന്നതും പാർക്ക് ചെയ്യുന്നതും ഡോർ തുറക്കുന്നത് പോലും സുരക്ഷിതമാക്കേണ്ടതും ഇതിനാൽ തന്നെ പ്രധാനമാണ്. ഒരടി മാത്രം അകലത്തിലൂടെ പോകുന്ന വാഹനങ്ങളുടെ സഞ്ചാരപാതയിലേക്ക് അശ്രദ്ധമായി തുറക്കുന്ന വാതിലുകൾ കേരളത്തിലെങ്കിലും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്.
വലത് വശത്തുള്ള ഡോറുകൾ ഇടത് കൈ കൊണ്ടും ഇടത് വശത്തുള്ളവ വലത് കൈ കൊണ്ടും (away hand) തുറക്കുന്ന ഡച്ച് റീച്ച് എന്ന് വിളിക്കുന്ന രീതി പ്രാവർത്തികമാക്കേണ്ടതും ഇതിനാലാണ്. ഡോർ മലക്കെ തുറക്കില്ല എന്നത് മാത്രമല്ല തല ആവശത്തേക്ക് സ്വാഭാവികമായി തന്നെ തിരിയുന്നത് കൊണ്ട് പുറകിൽ നിന്ന് വരുന്ന വാഹനങ്ങളെ കാണാനും അപകടത്തിന് ഉള്ള സാദ്ധ്യത കുറക്കുകയും ചെയ്യും.
വാഹനം ഓടിക്കുന്നവർ മാത്രമല്ല പുറകിലെ സീറ്റിൽ യാത്ര ചെയ്യുന്ന കുട്ടികൾ അടക്കമുള്ള കുടുംബാംഗങ്ങളും ഇത് അനുസരിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക എന്നതാവണം ഒരോ ഡ്രൈവറും ചെയ്യേണ്ടത്.... കൂടാതെ വലതുവശത്തെ റോഡിലേക്ക് തുറക്കുന്ന പിൻ വാതിലിൽ ചൈൽഡ് ലോക്ക് ഇടുന്നത് അധിക സുരക്ഷിതത്വം നൽകും