വർക്കല : ചാവടിമുക്കിൽ വഴിയിൽ സ്കൂട്ടർ തടഞ്ഞുനിർത്തി യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം. ചെമ്മരുതി ചാവടിമുക്ക് തൈപ്പൂയത്തിൽ ഷാലു(36)വിനാണ് വെട്ടേറ്റത്.
കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടേറ്റ ഷാലു, ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ഷാലുവിന്റെ അമ്മയുടെ വല്യമ്മയുടെ മകൻ ചാവടിമുക്ക് വിളയിൽ വീട്ടിൽ അനിലി(47)നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. അയിരൂരിലെ സ്വകാര്യ പ്രസ്സിൽ ജോലിചെയ്യുന്ന ഷാലു, ഉച്ചയോടെ വീട്ടിലെത്തി ഭക്ഷണം കഴിച്ചു തിരികെപ്പോകുമ്പോഴാണ് ആക്രമണമുണ്ടായത്.
അനിലിന്റെ വീടിനു തൊട്ടടുത്താണ് ഷാലുവിെന്റയും വീട്.
ഷാലുവിന്റെ വീട്ടിലേക്കുള്ള നടവഴിയിൽ വെട്ടുകത്തിയുമായി അനിൽ കാത്തുനിന്നാണ് ആക്രമിച്ചത്.
ഷാലുവിന്റെ സ്കൂട്ടർ തടഞ്ഞുനിർത്തിയ ശേഷം കഴുത്തിലും ശരീരത്തിലും വെട്ടി. അതിനു ശേഷം ഇയാൾ വെട്ടുകത്തി കാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബന്ധുക്കൾ അറിയിച്ചതിനെത്തുടർന്ന് പോലീസെത്തിയാണ് അനിലിനെ കീഴടക്കിയത്. പോലീസാണ് യുവതിയെ ആശുപത്രിയിലേക്കു മാറ്റിയത്.
പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ച യുവതിയെ പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി.
അനിലിനെ സംഭവസ്ഥലത്തുനിന്നുതന്നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷാലുവുമായി അനിലിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു. കുടുംബങ്ങൾ തമ്മിൽ മുൻപും പ്രശ്നങ്ങളുണ്ടായിരുന്നു. ഇതെല്ലാമാകാം ആക്രമണത്തിനു കാരണമെന്ന് പോലീസ് സംശയിക്കുന്നു.
ഷാലുവിന്റെ ഭർത്താവ് സജീവ് വിദേശത്താണ്. രണ്ട് ആൺമക്കളുണ്ട്.