ടുവീലറില്‍ സഞ്ചരിച്ച സഹോദരിമാർക്ക് യുവാവിൻ്റെ മർദ്ദനം

മലപ്പുറം പാണമ്പ്രയിൽ ടുവീലറില്‍ സഞ്ചരിച്ച സഹോദരിമാര്‍ക്ക് യുവാവിന്റെ മര്‍ദനം.അമിതവേഗത്തിലുള്ള ഡ്രൈവിംഗ് ചോദ്യം ചെയ്ത പെണ്‍കുട്ടികളെയാണ് നടുറോഡില്‍ വെച്ച്‌ യുവാവ് മര്‍ദിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

തിരൂരങ്ങാടി സ്വദേശി സി എച്ച്‌ ഇബ്രാഹിം ഷബീറ് ആണ് പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. തേഞ്ഞിപ്പലം പൊലീസ് ആണ് കേസെടുത്തത്. ഈ മാസം 16 നാണ് സംഭവം. പരപ്പനങ്ങാടി സ്വദേശികളും സഹോദരിമാരുമായ അസ്ന, ഹംന എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്.കാറില്‍ നിന്നും ഇറങ്ങി വന്ന്  ഇബ്രാഹിം ഷബീര്‍ വാഹനമോടിക്കുന്ന അസ്നയെ മുഖത്ത് അടിക്കുകയായിരുന്നു. കോഴിക്കോട് നിന്നും മലപ്പുറത്ത് പോകുന്ന വഴിയെയാണ് സംഭവം. അമിതവേഗത്തില്‍ കാറോടിച്ചെത്തിയ ഇബ്രാഹിം ഷബീര്‍ പെണ്‍കുട്ടികളോടിച്ച വാഹനം അപകടത്തില്‍പ്പെടുന്ന രീതിയില്‍ തെറ്റായ വശത്ത് കൂടി ഓവര്‍ടേക്ക് ചെയ്തു.

ഇതോടെ പെണ്‍കുട്ടികളുടെ വാഹനം മറിയാന്‍ പോയി. ഇത് പെണ്‍കുട്ടികള്‍ ചോദ്യം ചെയ്തതോടെയാണ് യുവാവ് ഇവരെ മര്‍ദിച്ചത്. ലീഗിന്റെ സ്വാധീനമുള്ളയാളാണ് ഇബ്രാഹിം ഷെബീറെന്നും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ ശ്രമമുണ്ടായെന്നും പെണ്‍കുട്ടി പറഞ്ഞു. കേസെടുത്തെങ്കിലും പ്രതിയെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. നിസാരമായ വകുപ്പുകളാണ് തീരുരങ്ങാടി പൊലീസ് പ്രതിക്കെതിരെ ചേര്‍ത്തതെന്നും പെണ്‍കുട്ടി പറഞ്ഞു.