ചില സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന് പ്രധാനമന്ത്രി;കഴിഞ്ഞ ആറ് വര്‍ഷമായി കേരളം ഇന്ധനനികുതി കൂട്ടിയിട്ടില്ലെന്ന് കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: ചില സംസ്ഥാനങ്ങള്‍ ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആക്ഷേപത്തിന് മറുപടിയുമായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍.കേരളം കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധനനികുതി കൂട്ടിയിട്ടില്ല. അങ്ങനെ നികുതി കൂട്ടാത്ത അപൂര്‍വ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കിയാണ് സംസ്ഥാനത്ത് നികുതി വര്‍ധിപ്പിക്കാത്തതെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

പ്രധാനമന്ത്രിയുടെത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവനയാണ്. പ്രധാനമന്ത്രിയെ പോലെ ഒരാള്‍ ഇങ്ങനെ രാഷ്ട്രീയം പറയരുതെന്നും ബാലഗോപാല്‍ പറഞ്ഞു. 42 ശതമാനം നികുതി സംസ്ഥാനങ്ങള്‍ക്ക് പോകുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് അടിസ്ഥാനരഹിതമാണെന്നും ബാലഗോപാല്‍ പറഞ്ഞു. വാസ്തവത്തില്‍ ഇപ്പോള്‍ പിരിച്ചുകൊണ്ടിരിക്കുന്ന ന്യായമല്ലാത്ത സെസും സര്‍ചാര്‍ജും നിര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ വേണ്ടത്. സംസ്ഥാന നികുതികളിലേക്ക് കേന്ദ്രസര്‍ക്കാര്‍ കടന്നുകയറുകയാണെന്നും ബാലഗോപാല്‍ പറഞ്ഞു.

സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കി ഇന്ധനത്തിന്റെ മൂല്യവര്‍ധിത നികുതി (വാറ്റ്) കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിപ്രായപ്പെട്ടിരുന്നു. വാറ്റ് കുറച്ച സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറവാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ധന നികുതി കുറയ്ക്കാന്‍ കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും തയാറാകുന്നില്ല. നികുതി കുറയ്ക്കാതെ ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കി. കേന്ദ്രത്തിന്റെ നികുതി വരുമാനത്തില്‍ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഒരു തരത്തില്‍ പറഞ്ഞാല്‍ ഇത് ജനങ്ങളോട് ഉള്ള അനീതിയാണ്. ജനങ്ങളുടെ ഭാരം കുറയ്ക്കാന്‍ കഴിഞ്ഞ നവംബറില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ കേന്ദ്രസര്‍ക്കാര്‍ കുറച്ചു. ഈ ആനുകൂല്യം ജനങ്ങള്‍ക്കു കൈമാറാനുള്ള കേന്ദ്രം നിര്‍ദേശം അനുസരിച്ച്‌ ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചപ്പോള്‍ മറ്റ് ചിലര്‍ നികുതി കുറയ്ക്കാതെ അധിക വരുമാനം ഉണ്ടാക്കി.

തമിഴ്‌നാട്, ബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര, കേരളം, ജാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നവംബറില്‍ നികുതി കുറയ്ക്കാന്‍ തയാറായില്ലെന്നും രാജ്യതാല്‍പര്യം മുന്‍നിര്‍ത്തി ഇന്ധന നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയാറാകണമെന്നും മോദി പറഞ്ഞു. ആരെയും പേരെടുത്തു വിമര്‍ശിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ചര്‍ച്ചയ്ക്ക് വേണ്ടി വിഷയം മുന്നോട്ടു വയ്ക്കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.