വേനൽച്ചൂടിൽ നാടും നഗരവും ചുട്ടുപൊള്ളുമ്പോൾ മൂന്നാറിൽ മനസ്സു തണുപ്പിക്കുന്ന കുളിരാണ്. മൂന്നാറിന്റെ മനോഹാരിതയിലേക്കു സഞ്ചാരികളുടെ വരവും ആരംഭിച്ചു. ഇവിടെ ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്.പകൽച്ചൂട് 28 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയാണെങ്കിലും വൈകുന്നേരമാകുന്നതോടെ സുഖകരമായ കാലാവസ്ഥയാണ് ഇവിടെ. പുലർകാല താപനില 8 ഡിഗ്രി വരെയാണ്. ഇടയ്ക്കു വേനൽമഴയും ലഭിക്കുന്നുണ്ട്.2018ലെ പ്രളയത്തോടെ മധ്യവേനലവധിക്കാലത്തു മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ വരവു കുറഞ്ഞിരുന്നു. ഇത്തവണ കോവിഡ് മാറിയതോടെ ടൂറിസം മേഖലയിൽ വലിയ ഉണർവാണു പ്രതീക്ഷിക്കുന്നത്. ഹോട്ടലുകളിലും റിസോർട്ടുകളിലും മുൻവർഷങ്ങളെക്കാൾ ബുക്കിങ് കൂടിയതായി ബന്ധപ്പെട്ടവർ പറയുന്നു. 500 രൂപ മുതലുള്ള താമസസൗകര്യം ലഭ്യമാണ്. മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ്, ടോപ് സ്റ്റേഷൻ, കുണ്ടള, പെരിയവരൈ താഴ്‌വാരം എന്നിവ കൂടാതെ വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയും ഇപ്പോൾ സഞ്ചാരികൾക്കായി തുറന്നിട്ടുണ്ട്.