ന്യൂഡൽഹി: പാചകവാതക വില വർധനവിനെക്കുറിച്ചുള്ള മഹിളാ കോൺഗ്രസ് അധ്യക്ഷയുടെ ചോദ്യത്തിനു മുന്നിൽ കുടുങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ഡൽഹി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം അരങ്ങേറിയത്. യാത്രക്കാർ ഇറങ്ങുന്നതിനിടെ കേന്ദ്രമന്ത്രിയുടെ മുന്നിലെത്തിയ മഹിളാ കോൺഗ്രസ് ഇടക്കാല അധ്യക്ഷ നെറ്റ ഡിസൂസയാണ് സ്മൃതി ഇറാനിയോട് ചോദ്യമുയർത്തിയത്. പാചകവാതക വിലവർധനവിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു വാക്സീനുകളെയും പാവപ്പെട്ടവരെയുമാണ് സ്മൃതി ഇറാനി കുറ്റപ്പെടുത്തിയതെന്ന് ദൃശ്യങ്ങൾ പങ്കുവച്ച് നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു. വിഡിയോ പുറത്തുവന്നതോടെ കോൺഗ്രസ് നേതാക്കളും ഇതു സൈബർ ഇടങ്ങളിൽ പങ്കിടുകയാണ്. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഇന്ധവിലവർധനവിനെതിരെ സംസ്ഥാനങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. യുപിഎ കാലത്ത് സിലണ്ടർ ഉയർത്തി തെരുവിൽ പ്രതിഷേധിച്ച നേതാവാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി, സ്മൃതി ഇറാനിയെ സിലണ്ടർ ആക്കി ഇന്നലെ കർണാടകയിൽ പോസ്റ്ററുകൾ സ്ഥാപിച്ചിരുന്നു .