കല്ലമ്പലം ടൗണിൽ വെച്ച് ബൈക്കിൽ എത്തിയാൾ യുവതിയോട് അപമര്യാദയായി പെരുമാറിയായതായി പരാതി, പോലിസ് വേണ്ട നടപടി സ്വീകരിച്ചിലെന്ന് ആക്ഷേപം (യുവതിയുടെ ഫേസ്ബുക് പോസ്റ്റ് )

ഇന്ന് ജോലി കഴിഞ്ഞ് കല്ലമ്പലത്തു നിന്ന്‌ വർക്കലയ്ക്ക് വരും വഴി റോഡ് സേഫ്റ്റിയുടെ ഭാഗമായ ഹെൽമെറ്റ്‌ ഉണ്ടോ?
സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ടോ?ലോറികളിൽ മണലുണ്ടോ? പഞ്ചാരയുണ്ടോ?
തുടങ്ങിയ കല്ലമ്പലം പോലീസിന്റെ പതിവ് 'സുരക്ഷാ പരിശോധന' കാണാനിടയായി.
പോലീസ് വാഹനം ആരും കാണാതെ ഒളിപ്പിച്ചിട്ട് റോഡിനിരുവശവും നിന്ന്
റോഡിൽ കൂടി പോകുന്ന വാഹനങ്ങൾക്ക് നേരെ കൈ കാണിച്ചു പിടിച്ചു നിർത്തി,
തലങ്ങും വിലങ്ങും പെറ്റി എഴുതിക്കൊടുക്കുന്ന ഏമാന്മാരുടെ ഉൽസുകതയിൽ രോമാഞ്ചപുളകിത ആയതിനാൽ മാത്രമാണ് ഇങ്ങനെയൊന്നു ഇവിടെ ഇട്ടേക്കാമെന്ന് കരുതുന്നത്.
മേൽപ്പറഞ്ഞ വാചകങ്ങൾ വായിക്കുന്ന നിങ്ങൾ കരുതിയേക്കാം പോലീസ് അവരുടെ ജോലിയല്ലേ ചെയ്യുന്നത് അതിലെന്താണിത്ര പറയാനിരിക്കുന്നത് എന്ന് അങ്ങനെ ചിന്തിക്കുന്നവർക്ക് വേണ്ടി 
എനിക്കുണ്ടായ അനുഭവം പറയാം;

ഈ അടുത്ത്,
അതായത് കഴിഞ്ഞ
ഡിസംബർ 17ന് കളക്ട്രേറ്റ് കോവിഡ് വാർ റൂമിലെ പതിവ് ജോലി കഴിഞ്ഞ് തിരികെ വരികയായിരുന്നു ഞാൻ.
സാധാരണയായി തിരുവനന്തപുരത്ത് നിന്ന് വർക്കല വരെ ട്രെയിനിൽ യാത്ര ചെയ്യാറുള്ള എനിക്ക് ചില കാരണങ്ങളാൽ അന്ന് ബസിൽ പോരേണ്ടി വന്നു.
തിരുവനന്തപുരത്ത് നിന്ന്‌ ബസ് കയറി കല്ലമ്പലം ഇറങ്ങി. സമയം ഉച്ചകഴിഞ്ഞ് ഏതാണ്ട് 3 മണിയോടടുത്തിരുന്നു.
വർക്കലയ്ക്കുള്ള ബസ് കയറണമെങ്കിൽ കുറച്ചിപ്പുറത്തേക്ക് നടന്നു വരേണ്ടതുണ്ടായിരുന്നതിനാൽ ബസ് കയറാൻ വേണ്ടി തിടുക്കപ്പെട്ടു നടക്കുന്നതിനിടക്കായിരുന്നു പെട്ടെന്ന് ബൈക്കിലെത്തിയ ഒരാൾ മുന്നിൽ വന്ന് എന്നെ ബ്ലോക്ക്‌ ചെയ്ത് നിർത്തിയത്. തുടർന്ന് ഇങ്ങനൊരു പൊതുവിടത്തിൽ പറയാൻ അറക്കുന്ന തരത്തിൽ ലൈംഗിക ചുവയോടെ സംസാരിക്കുകയും എന്നോട് ബൈക്കിൽ കയറാൻ ആവശ്യപ്പെടുകയും  ചെയ്തു.
ഒരു നിമിഷം ഷോക്ക് ആയിപ്പോയ ഞാൻ 'നിന്റെ അമ്മയോട് പോയി പറയെടാ' എന്ന് പറഞ്ഞ് തിരികെ അയാളോട്  ദേഷ്യപ്പെട്ടു.
അപ്പോഴും അയാൾ ആദ്യം പറഞ്ഞ കാര്യം തന്നെ പറഞ്ഞു കൊണ്ടിരിക്കുകയും എന്നെ അസഭ്യം പറയുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
ഞാൻ ദേഷ്യപ്പെട്ടു ഉച്ചത്തിൽ സംസാരിക്കുന്നത് കണ്ട് അവിടെ നിന്ന ഒരാൾ 'എന്താ മോളെ' എന്ന് ചോദിച്ചു കൊണ്ട് ഓടി അടുത്തേക്ക് വരുന്നത് കണ്ട് 
രംഗം വഷളാകും എന്ന് തോന്നിയിട്ടാകണം അയാൾ കൂടുതലവിടെ നിൽക്കാതെ പെട്ടെന്ന് ബൈക്ക് ഓടിച്ചു പോയി.

ഞാൻ ബൈക്കിന്റെ നമ്പർ നോട്ട് ചെയുകയും .തൊട്ടടുത്തുള്ള ഷോപ്പിൽ കയറി അവിടെ ഉള്ളവരോട് നടന്ന കാര്യം പറഞ്ഞ് CCTV visuals ൽ ബൈക്ക് കൃത്യമായി പതിഞ്ഞിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയതിന് ശേഷം ഒരു സുഹൃത്തിന്റെ സഹായത്തോടെ വാഹനത്തിന്റെ നമ്പർ വച്ച് മോട്ടോർ വാഹനവകുപ്പിന്റെ ആപ്ലിക്കേഷനുപയോഗിച്ച് ആരുടെ പേരിലാണ് ബൈക്ക് എന്നുള്ള വിവരങ്ങൾ കളക്ട് ചെയ്ത് പരാതി കൊടുക്കുന്നതിനായി
കല്ലമ്പലം പോലീസ് സ്റ്റേഷനിൽ എത്തി.

വനിതാ ഹെല്പ് ഡെസ്ക് എന്നൊരു ബോർഡ് അവിടെ ഉണ്ടായിരുന്നു എന്നല്ലാതെ ഒരു വനിതാ പോലീസിനെപ്പോലും അവിടെങ്ങും എനിക്ക് കാണാൻ കഴിഞ്ഞില്ല.
ബൈക്കിന്റെ നമ്പരും അതാരുടെ പേരിലാണെന്ന വിവരവും അത് അടുത്തുള്ള ഷോപ്പിലെ CCTV footage ൽ സമയമടക്കം പതിഞ്ഞിട്ടുണ്ടെന്ന വിവരവും വച്ച് വിശദമായി പരാതി എഴുതിക്കൊടുത്ത എനിക്ക് അവിടുണ്ടായിരുന്ന 'പുരുഷ' പോലീസുകാരനിൽ നിന്ന് നേരിടേണ്ടി വന്നത് 
അതാരാണ്??
നിങ്ങൾക്കയാളെ മുൻപരിചയമുണ്ടോ??
പരിചയമില്ലാത്തൊരാൾ നിങ്ങളോട് മാത്രമങ്ങനെ പൊതു നിരത്തിൽ എന്തിനിത്രയും മോശമായി പെരുമാറി??
തുടങ്ങിയ ചോദ്യങ്ങളായിരുന്നു.
ഏകദേശം ഒരു മണിക്കൂറോളം വെയിറ്റ് ചെയ്തിട്ടാണ് SHO (station house officer )നെ കാണാൻ സാധിച്ചത് എന്നതാണ് മറ്റൊരു കാര്യം.
ചോദ്യങ്ങൾക്ക് ശേഷം
ഒരുതരം മുൻവിധിയോടെ അന്വേക്ഷിക്കാം,
ഇത്‌ കിട്ടാനൊന്നും പോകുന്നില്ല, കാരണം ആ വണ്ടിക്ക് ഇൻഷുറൻസ് ഒന്നുമില്ല.
പിന്നെ ഒരുപക്ഷേ ഈ കിട്ടിയ അഡ്രസ്സിൽ ഉള്ളയാളുടെ കൈയിൽ തന്നെ ആകണം ഈ വണ്ടി ഉണ്ടാകുക എന്നില്ല.
ലഭിച്ചിട്ടുള്ള ഡീറ്റെയിൽസിൽ അഡ്രസ് അല്ലാതെ ഫോൺ നമ്പർ ഒന്നും ഇല്ലല്ലോ?
മാത്രമല്ല ബൈക്കുടമസ്തന്റേത് എന്ന് കരുതുന്ന ഈ അഡ്രസ് ഈ സ്റ്റേഷൻ പരിധിക്കുള്ളിൽ അല്ലല്ലോ?
അന്വേക്ഷിക്കാം എന്നേ ഉള്ളൂ ഇതൊന്നും കിട്ടുമെന്നുറപ്പില്ല തുടങ്ങിയ ഒഴുക്കൻ മറുപടികളോടെ പരാതി ഇവിടെ കൊടുത്തിട്ടില്ലേ, പൊയ്ക്കോളൂ വിവരം കിട്ടിയാൽ അറിയിക്കാം പരാതിയിൽ നമ്പർ  എഴുതിയിട്ടുണ്ടല്ലോ എന്ന് പറഞ്ഞു യാത്രയാക്കാൻ ശ്രമിക്കുകയാണുണ്ടായത്.
ഇത്തരത്തിൽ മുൻവിധിയോടെ സമീപിക്കുന്ന രീതി കണ്ട് സങ്കടവും ദേഷ്യവും തോന്നിയ ഞാൻ കേസ് രജിസ്റ്റർ ചെയ്യണം രജിസ്റ്റർ ചെയ്തതിന്റെ റെസിപ്റ്റ് വേണം എന്ന് നിർബന്ധം പിടിച്ചത് കൊണ്ട് മാത്രം കേസ് രജിസ്റ്റർ ചെയ്ത് റെസിപ്റ്റ് തന്നു.

ആ ദിവസത്തിന് ശേഷം
രണ്ടു മൂന്നു തവണ ഞാൻ സ്റ്റേഷനിൽ വിളിച്ചന്വേക്ഷിച്ചു.
പക്ഷേ അതന്വേക്ഷിക്കുന്നുണ്ട് അറിയിക്കാം എന്നല്ലാതെ അതുമായി ബന്ധപ്പെട്ടൊരു വിവരവും പിന്നീടെനിക്ക് ലഭിക്കുകയുണ്ടായില്ല.

''അതവിടുത്തെ ഫയലിൽ കുഴിച്ചിട്ടിട്ടുണ്ടാകും.
കിടന്നു മുളയ്ക്കട്ടെ.
കാത്തിരിക്കാം.''

രാഷ്ട്രീയ അധികാരങ്ങൾക്കും പണത്തിനും സല്യൂട്ട് അടിക്കുന്നവർക്ക് ദിവസേന ഉണ്ടാകുന്ന ആയിരക്കണക്കിന് കേസുകളിൽ ഒരെണ്ണം മാത്രമായിരിക്കും ചിലപ്പോൾ ആ പരാതി. പക്ഷേ ഏത് തരം പരാതിയായാലും 
എന്നെപ്പോലൊരു സാധാരണക്കാരി ഒരു പോലീസ് സ്റ്റേഷനിലേക്ക് കയറി ചെല്ലുന്നത് യാതൊരുവിധ വിവേചനവുമില്ലാതെ മുന്നിലേക്ക് വരുന്ന പരാതിയ്ക്കും പരാതിക്കാരനോ പരാതിക്കാരിക്കോ തുല്യമായ പരിഗണനയും നീതിയും ഉണ്ടാകും എന്ന വിശ്വാസത്തിലാണ്.

ഇത്‌ വായിക്കുമ്പോൾ, കേൾക്കുമ്പോൾ ഇതൊരു വലിയ കാര്യമാണോ എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
അങ്ങനെയുള്ളവർക്ക്
പട്ടാപ്പകൽ നടു റോഡിൽ വച്ചു ഒരു പെണ്ണിനോട് അപമര്യാദയായി പെരുമാറി എന്നതും വളരെ നിസാരമായ ഒന്നായിരിക്കും.
പീഡിപ്പിച്ചൊന്നുമില്ലല്ലോ എന്ന് ആശ്വസിക്കാമല്ലോ എന്ന് ചോദിക്കുന്നവരുണ്ടാകാം?
പക്ഷേ അങ്ങനൊരു സംഭവം ഒരു സ്ത്രീയിൽ ഉണ്ടാക്കുന്ന ഒരു ട്രോമയുണ്ട്.
നമുക്ക് നമ്മളോട് തന്നെ അറപ്പുണ്ടാക്കുന്ന ഒരു മാനസികാവസ്ഥ.
സ്ത്രീയായിപ്പോയതിൽ ഖേദിക്കേണ്ടി വരുന്ന അവസ്ഥ അതിന്റെ ഒരു ഇന്റൻസിറ്റി അനുഭവിച്ചറിഞ്ഞവർക്ക് ഒരുപക്ഷേ ഞാനിവിടെ എഴുതിയത് മനസിലാകുമായിരിക്കാം.

ഏതൊരു പരാതിയിന്മേലാണെങ്കിലും 
നീതി ന്യായ വ്യവസ്ഥിതികൾ അതർഹിക്കുന്നവർക്ക് നീതി ഉറപ്പുവരുത്തുമ്പോഴാണ് മൂല്യവത്താകുന്നതും അർത്ഥവത്താകുന്നതും.
അല്ലാതെ റോഡ് മുഴുവൻ പുത്തൻ ക്യാമറകൾ സ്ഥാപിച്ച് സീറ്റ്‌ ബെൽറ്റിടാത്ത യാത്രക്കാരുടെ പടം കൺട്രോൾ റൂമിലെത്തിക്കുന്ന വികസനം നടത്തുന്നതിലല്ല.

ഇത്രയും മാസങ്ങൾ കഴിഞ്ഞിട്ടും ഒരു പുരോഗതിയുമില്ലാത്ത ഒരു പരാതി മാത്രമായി അതവിടെ അവശേഷിക്കുന്നുണ്ട്.
അന്വേക്ഷിക്കപ്പെടാത്ത നൂറ് കണക്കിന് ആയിരക്കണക്കിന് പരാതികളിൽ ഒന്നായിട്ട്.

മാസാവസാനം ടാർഗറ്റ് തികയ്ക്കാൻ
ജീവിക്കാൻ നെട്ടോട്ടമോടുന്ന പാവപ്പെട്ടന്റെ  സമയവും പണവും കൂടി പിടിച്ചു പറിക്കുന്നതിന് മാത്രമാണ് ഇവരൊക്കെ കർമ്മനിരതരാകുന്നത് എന്നത് എന്നെപ്പോലുള്ളവരിൽ നിങ്ങളോട് അവജ്ഞയേ ഉണ്ടാക്കൂ ഏമാൻമാരേ....

(ചെയ്യുന്ന ജോലിയോട് ആത്മാർത്ഥതയുള്ള  ഇടുന്ന യൂണിഫോമിനോടും വാങ്ങുന്ന ശമ്പളത്തോടും കൂറുമുള്ള  ഒത്തിരി നല്ല പോലീസ്കാരെ എനിക്കറിയാം.
കോവിഡ് സമയത്തും പ്രളയ സമയത്തും അവരുടെ പ്രവർത്തനങ്ങൾ ഞാനടക്കമുള്ള നാട്ടുകാർ കണ്ടിട്ടുള്ളതുമാണ്.
സ്വന്തം ഉത്തരവാദിത്തത്തോടൊപ്പം മാനുഷികമൂല്യങ്ങൾക്കു കൂടി  വില കൊടുക്കാറുള്ള അവരെപ്പോലുള്ള പോലീസ്കാരോടുള്ള എല്ലാ ബഹുമാനവും നില നിർത്തിക്കൊണ്ടു തന്നെയാണ് ഇതെഴുതുന്നത്)
#keralapolice 🖕