കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചു

കാഞ്ഞാണി: കുടുംബസംഗമത്തില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ച പെണ്‍കുട്ടി വയറിളക്കവും ഛര്‍ദിയും ബാധിച്ച് മരിച്ചു. കണ്ടശ്ശാംകടവ് വടക്കേത്തല തോട്ടുങ്ങല്‍ ജോളി ജോര്‍ജിന്റെ മകള്‍ ആന്‍സിയ(9)യാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയമുണ്ട്. കണ്ടശ്ശാംകടവ് സെയ്ന്റ് മേരീസ് എല്‍.പി. സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ആന്‍സിയ.

ഞായറാഴ്ച നടന്ന തറവാട്ട് കുടുംബസംഗമത്തില്‍ ആന്‍സിയയും കുടുംബവും പങ്കെടുത്തിരുന്നു. സ്വകാര്യ കാറ്ററിങ് സ്ഥാപനത്തില്‍നിന്നാണ് ഭക്ഷണം എത്തിച്ചത്. ചോറും മീനും മാംസവും ഉണ്ടായിരുന്നു. ഭക്ഷണം കഴിച്ച പലര്‍ക്കും വയറിളക്കവും വയറുവേദനയും ഉണ്ടായെങ്കിലും ആരും ആശുപത്രിയിലില്ല.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് ആന്‍സിയയ്ക്ക് വയറിളക്കമുണ്ടായത്. കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഛര്‍ദിയും തുടങ്ങി. തുടര്‍ന്ന് 11 മണിയോടെ പുത്തന്‍പീടികയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അല്പം കഴിഞ്ഞപ്പോള്‍ മരിച്ചു. ആശുപത്രിയിലെത്തിക്കുമ്പോള്‍ അവശനിലയായിരുന്നുവെന്നാണ് അധികൃതര്‍ പറഞ്ഞത്. ഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥതയുണ്ടായെന്ന് ബന്ധുക്കള്‍ അന്തിക്കാട് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു