*വള്ളക്കടവിൽ ജൈവവൈവിധ്യ ബോർഡിന്റെ സമുദ്ര മ്യൂസിയം വരുന്നു*

ജൈവ വൈവിധ്യബോർഡിന്റെ വള്ളക്കടവിലുള്ള മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വരയാടിന്റെയും മലയണ്ണാന്റെയും രൂപങ്ങൾ

തിരുവനന്തപുരം: കടലിന്റെ അടിത്തട്ടിലുള്ള അപൂർവയിനം മീൻവർഗങ്ങളെ കാണാനും അവയെക്കുറിച്ച് പഠിക്കാനുമായി സമുദ്ര മ്യൂസിയം സജ്ജമാക്കുന്നു. വള്ളക്കടവിലെ പൈതൃക കെട്ടിടമായ ബോട്ടുപുരയിൽ പ്രവർത്തിക്കുന്ന ജൈവ വൈവിധ്യബോർഡിന്റെ മ്യൂസിയത്തിലാണ് സമുദ്ര മ്യൂസിയം സ്ഥാപിക്കുന്നത്. കടൽജീവികളെ ഫോർമാലിനിൽ സൂക്ഷിച്ചും സ്റ്റഫ് ചെയ്തുമാണ് പ്രദർശിപ്പിക്കുന്നത്. സാധാരണക്കാരിലും വിദ്യാർഥികളിലും ജൈവ വൈവിധ്യത്തെക്കുറിച്ചുള്ള അവബോധമുണ്ടാക്കുന്നതിനും പഠനാവശ്യങ്ങൾക്കുമായാണ് സമുദ്ര മ്യൂസിയം സ്ഥാപിക്കുക.

കടലിന്റെ അടിത്തട്ടിലെ പാറക്കെട്ടുകളിൽ മാത്രം ജീവിക്കുന്ന അപൂർവ ഇനം മീൻവർഗങ്ങൾ, ഇവയ്‌ക്കൊപ്പം കഴിഞ്ഞുകൂടുന്ന ശംഖുവർഗത്തിലുള്ള കടൽജീവികൾ, ഇരുട്ടിൽ മാത്രം ഇരപിടിക്കാനിറങ്ങുന്ന മീനുകൾ, വലിപ്പമുള്ള ഞണ്ട് വർഗ്ഗങ്ങൾ, പവിഴപ്പുറ്റുകൾ, അവയ്ക്കുള്ളിലും അവയെ വലയം ചെയ്ത് ജീവിക്കുന്ന മീനുകൾ, ഇതര കടൽജീവികൾ എന്നിവയാണ് സമുദ്ര മ്യൂസിയത്തിൽ പ്രദർശിപ്പിക്കുക. ഇവയുടെ അസ്ഥികൂടങ്ങളുടെ പ്രദർശനവുമുണ്ടാകും. കപ്പൽ ആകൃതിയിലുള്ള സ്‌ക്രീനിൽ കടലിനടിയിലെ സസ്യ-ജന്തുജാലങ്ങളെ കാണാനുള്ള സൗകര്യവും സജ്ജമാക്കുമെന്ന് ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. സി.ജോർജ് തോമസ് പറഞ്ഞു.