തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും. ഇനിയുള്ള മാസങ്ങളിൽ കൃത്യമായി ശമ്പളം കൊടുക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ധനവിലയിലുണ്ടായ വൻ വർധനയാണ് പ്രതിസന്ധി വഷളാക്കിയതെന്നാണ് ഗതാഗതമന്ത്രിയുടെ വാദം. നിലവിലെ പ്രതിസന്ധിയിൽ ഈ നിലയിൽ മുന്നോട്ട് പോകാനാവില്ല. വരുന്ന മാസങ്ങളിലെ പെൻഷൻ, ശമ്പള വിതരണം മുടങ്ങിയേക്കും എന്നും സാഹചര്യം മോശമായി തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചു വിടേണ്ടി വരുമെന്നും മന്ത്രി പറയുന്നു.