സര്‍വകക്ഷിയോഗത്തിലും പൊലീസിന്റെ വീഴ്ചകള്‍ ബിജെപി നേതാക്കള്‍ ആവര്‍ത്തിച്ചു. അതിനിടെ, പാലക്കാട് എസ്ഡിപിഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുബൈറിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരെയാണ് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. ഇവരെ രഹസ്യകേന്ദ്രത്തില്‍ എത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
നേരത്തെ കേസുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പുറമേയാണ് മൂന്ന് പേരെ കൂടി പിടികൂടിയിരിക്കുന്നത്. ഇവര്‍ കൊലയാളി സംഘത്തില്‍ ഉള്ളവരാണ് എന്നാണ് സൂചന. ഇവരെ ചോദ്യം ചെയ്യുന്നതോടെ കേസില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കേസില്‍ അന്വേഷണം അവസാനഘട്ടത്തിലെന്ന് എഡിജിപി വിജയ് സാക്കറെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. പ്രതികളെയെല്ലാം തിരിച്ചറിഞ്ഞു കഴിഞ്ഞു. ഉടന്‍ തന്നെ ഇവര്‍ അറസ്റ്റിലാകുമെന്നും പ്രതികള്‍ പൊലീസിന്റെ നിരീക്ഷ പരിധിയിലെന്നും വിജയ് സാക്കറെ പറഞ്ഞു.
കഴിഞ്ഞദിവസം ഉച്ചയ്ക്ക് ഒന്നരയോടെ കുപ്പിയോട് സ്വദേശി സുബൈറിനെ രണ്ട് കാറിലെത്തിയ അക്രമിസംഘം വെട്ടിക്കൊന്നത്. പള്ളിയില്‍നിന്ന് ജുമുഅ നമസ്‌കാരം കഴിഞ്ഞ് പിതാവിനൊപ്പം ബൈക്കില്‍ വരികയായിരുന്നു സുബൈര്‍. ഇതിനിടെയാണ് കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തിയ ശേഷം സുബൈറിനെ ആക്രമിച്ചത്. പിതാവിന്റെ കണ്മുന്നിലിട്ട് സുബൈറിനെ ദേഹമാസകലം വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു. ബൈക്കില്‍നിന്ന് വീണ് പിതാവിനും പരിക്കേറ്റിട്ടുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു.പോപ്പുലര്‍ ഫ്രണ്ടിന്റെ ഏരിയ സെക്രട്ടറി കൂടിയാണ് കൊല്ലപ്പെട്ട സുബൈര്‍.