ജവാൻ ഉൾപ്പടെയുള്ള വില കുറഞ്ഞ മദ്യം ബെവ്കോ ഔട്ട്ലെറ്റുകളിൽ കിട്ടാനില്ലെന്ന് പരാതി

തിരുവനന്തപുരം: ബെവ്കോ ഔട്ട്ലെറ്റുകളിൽ വില കുറഞ്ഞ മദ്യ ഇനങ്ങൾ കിട്ടാനില്ലെന്ന് വ്യാപക പരാതി. മദ്യക്കമ്പനികൾ മുൻകൂർ നികുതി അടയ്ക്കണമെന്ന നിർദേശമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ മുഖ്യകാരണം. പ്രതിസന്ധി പരിഹരിക്കാൻ മെയ് 31 വരെ ഇളവ് നൽകിയിട്ടുണ്ടെന്നാണ് ബെവ്കോ അധികൃതർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ രണ്ട് ആഴ്ച്ചയായി സംസ്ഥാനത്തെ ബെവ്കോ അടക്കമുള്ള ഔട്ട്ലെറ്റുകളിൽ ജവാൻ ഉൾപ്പടെയുള്ള വില കുറഞ്ഞ മദ്യം കിട്ടാനില്ലാത്ത അവസ്ഥയാണ്. 500 രൂപവരെ വിലയുള്ള കുറഞ്ഞ മദ്യം വാങ്ങാനെത്തുന്ന സാധാരണക്കാർ നിരാശരായി മടങ്ങുകയാണ്. 1200 രൂപയ്ക്ക് മുകളിലുള്ള പ്രിമിയം മദ്യമാണ് ഇപ്പോൾ ഔട്ട്ലെറ്റുകളിൽ കൂടുതലായി വിൽക്കുന്നത്. സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്രയും വില നൽകി പ്രിമിയം മദ്യം ദിവസവും വാങ്ങുകയെന്നത് നടക്കുന്ന കാര്യമല്ല.

മദ്യക്കമ്പനികൾ പ്രതീക്ഷിച്ച നികുതിയിളവ് ലഭിക്കാത്ത പശ്ചാത്തലത്തിൽക്കൂടിയാണ് വില കുറഞ്ഞ ബ്രാന്റുകളുടെ വിതരണം കുറച്ചത്. എക്സൈസ് നികുതി മുൻകൂർ അടയ്ക്കുന്നതിൽ നിന്ന് ബെവ്കോയും പിന്നോട്ട് പോയിരുന്നു. സ്പിരിറ്റിന്റെ വില ലിറ്ററിന് 70 രൂപയിലേക്ക് എത്തിയിട്ടുണ്ട്.

പുതിയ സാമ്പത്തിക വർഷത്തിൽ 20 രൂപയുടെ വർദ്ധനവാണ് സ്പിരിറ്റിന്റെ വിലയിലുണ്ടായത്. ഇത് മദ്യ നിർമ്മാണ, വിതരണ കമ്പനികളെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതിന് ആനുപാതികമായി മദ്യക്കമ്പനികൾക്ക് ഇളവ് നൽകാൻ ബെവ്കോ ഇതുവരെ തയ്യാറായിട്ടുമില്ല. അതുകൊണ്ടാണ് മദ്യവിതരണം വെട്ടിക്കുറച്ചത്. ഇത് വിറ്റുവരവിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.