*നഗരക്കാഴ്ചകളിലേക്ക് ജാലകവും മേൽക്കൂരയും തുറന്നുള്ള ഡബിൾ ഡെക്കർ റൈഡ് സർവീസുകൾ ഹിറ്റ്*
തിരുവനന്തപുരം ∙ അനന്തപുരി കാണണമെങ്കിൽ ആനപ്പുറത്തിരുന്നു തന്നെ കാണണം. ആനയെ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല. അതിനെക്കാൾ ഗമയോടെ ആനവണ്ടിയിലിരുന്ന് നഗരക്കാഴ്ചകൾ കാണാം! സംസ്കാരത്തിലും ചരിത്രത്തിലും രാജകീയ ചരിത്രം അലിഞ്ഞു ചേർന്ന നഗരത്തിന്റെ കാഴ്ചകൾ രാജകീയമായി കാണാൻ അവസരമൊരുക്കുകയാണ് കെഎസ്ആർടിസി പുതിയ ഡബിൾ ഡെക്കർ ഓപ്പൺ ബസുകളിൽ നടത്തുന്ന ‘സിറ്റി റൈഡ്’ സർവീസുകൾ.സർവീസ് തുടങ്ങി ഒരാഴ്ച തികയും മുൻപു വിനോദസഞ്ചാരികളുടെയും കെഎസ്ആർടിസി പ്രേമികളുടെയും യാത്രക്കാരുടെയും ഇടയിൽ ഇത് ഡബിൾ സൂപ്പർ ഹിറ്റായി.
4 ദിവസം, 27,000 രൂപ
ആദ്യദിനം സൗജന്യ യാത്രയായിരുന്നു. തുടർന്നുള്ള 4 ദിവസങ്ങൾക്കുള്ളിൽ 27,000 രൂപയാണ് ഡബിൾ ഡെക്കറിലൂടെ കെഎസ്ആർടിസിയുടെ പോക്കറ്റിൽ വീണത്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള വിനോദ സഞ്ചാരികൾ ഉൾപ്പെടെയുള്ളവർ സർവീസ് ഏറ്റെടുത്തതോടെ അവധി ദിവസങ്ങളിലെ ടിക്കറ്റുകൾ നേരത്തെ വിറ്റു തീരുകയാണ്. റൈഡിന്റെ പ്രചാരണാർഥം ഇന്നലെ വൃദ്ധസദനത്തിലെ 54 അന്തേവാസികൾക്ക് സൗജന്യ സർവീസ് നടത്തി.
നഗരത്തിന്റെ റീലുകൾ
പേര് സൂചിപ്പിക്കുന്നതു പോലെ, മുകൾവശം തുറന്നിരിക്കുന്ന ഇരുനില ബസിലാണ് യാത്ര. താഴെ 28 സീറ്റുകളും മുകൾനിലയിൽ 39 സീറ്റുകളുമാണ് ഉള്ളത്. രാവിലെ 9 മുതൽ വൈകിട്ട് 4 വരെയുള്ള ‘ഡേ സിറ്റി റൈഡ്’, വൈകിട്ട് 5 മുതൽ രാത്രി 10 വരെയുള്ള ‘നൈറ്റ് റൈഡ്’ എന്നിങ്ങനെ രണ്ടു തരം സർവീസുകളാണുള്ളത്. രണ്ടിലും ടിക്കറ്റ് നിരക്ക് 250 രൂപ. പ്രാരംഭ ഓഫർ ആയി 200 രൂപ നൽകിയാൽ മതി. ഡേ, നൈറ്റ് റൈഡുകൾ ഒരുമിച്ച് ബുക്ക് ചെയ്യുന്നവർക്കു 350 രൂപയുടെ ടിക്കറ്റും ലഭ്യം. യാത്രക്കാർക്ക് വെൽകം ഡ്രിങ്ക്, സ്നാക്സ് തുടങ്ങിയവയും ഇതിനോടൊപ്പം ലഭിക്കും.
രാവിലെ 9ന് കിഴക്കേകോട്ടയിൽ നിന്ന് ആരംഭിക്കുന്ന ഡേ റൈഡ് മ്യൂസിയം, മൃഗശാല, വെള്ളയമ്പലം പ്ലാനറ്റേറിയം, സ്റ്റാച്യു, ശ്രീപത്മനാഭ സ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഉച്ചയ്ക്ക് ഒരു മണിക്കൂർ ഭക്ഷണത്തിനായി ഇടവേളയുമുണ്ട്. കഴിഞ്ഞ മാസങ്ങളിൽ വിവിധ ഡിപ്പോകളിൽ നിന്ന് പരുന്തുംപാറ, അതിരപ്പിള്ളി, മൺറോ തുരുത്ത്, മലക്കപ്പാറ, നെല്ലിയാമ്പതി, മൂന്നാർ, വാഗമൺ തുടങ്ങിയ സംസ്ഥാനത്തെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ആരംഭിച്ച ബജറ്റ് ടൂറിസം പാക്കേജുകളും വമ്പൻ ഹിറ്റ് ആയിരുന്നു.
*ബുക്ക് ചെയ്യാം*
സിറ്റി റൈഡുകൾക്കു നിലവിൽ ഫോൺ ബുക്കിങ് സംവിധാനം മാത്രമാണുള്ളത്. സീറ്റ് ബുക് ചെയ്യുന്നതിനായി പേര്, മൊബൈൽ നമ്പർ, യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്ന തീയതി, സീറ്റുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ 9447479789, 8129562972 എന്നീ നമ്പറുകളിലേക്കു വാട്സാപ് ചെയ്യണം. അപ്പോ, തുടങ്ങുകയല്ലേ.