ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യം,ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ആത്മനിര്‍ഭര്‍ ഭാരതിന് വഴികാട്ടിയെന്നും പ്രധാനമന്ത്രി

ന്യൂഡൽഹി:സാമൂഹിക പരിഷ്‌കര്‍ത്താവായ ശ്രീനാരായണ ഗുരു ഇന്ത്യയുടെ ആധ്യാത്മിക ചൈതന്യമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ശിവഗിരി മഠം സ്ഥിതി ചെയ്യുന്ന വര്‍ക്കല ദക്ഷിണേന്ത്യയിലെ കാശിയാണ്. രാജ്യത്തിന്റെ ഐക്യഭാവനയുടെ പ്രതീകമാണ് ശിവഗിരിമഠമെന്നും മോദി പറഞ്ഞു. ശിവഗിരി തീര്‍ഥാടനത്തിന്റെ 90-ാം വാര്‍ഷികത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികള്‍ ഡല്‍ഹിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മോദി.

ഉച്ചനീചത്വങ്ങള്‍ക്കെതിരെ പോരാടിയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരു. അന്നത്തെ കാലഘട്ടവും ഓര്‍ക്കണം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആധുനികതയെ കുറിച്ച്‌ സംസാരിച്ച അദ്ദേഹം ഇന്ത്യന്‍ സംസ്‌കാരത്തെയും മൂല്യങ്ങളെയും സമ്പന്നമാക്കിയതായും മോദി പറഞ്ഞു.

മതത്തെ ഗുരു കാലോചിതമായി പരിഷ്‌കരിച്ചു. വിദ്യാഭ്യാസത്തെയും ശാസ്ത്രത്തെയും കുറിച്ച്‌ ഗുരു സംസാരിച്ചു. മതത്തെയും വിശ്വാസത്തെയും പ്രകീര്‍ത്തിക്കുന്നതില്‍ അദ്ദേഹം പിന്നോട്ട് നിന്നില്ല. ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ദര്‍ശനം ആത്മനിര്‍ഭര്‍ ഭാരതിന് വഴികാട്ടിയായതായും മോദി പറഞ്ഞു. ഗുരുവിന്റെ കാലത്ത് അടിമത്തത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കാനുള്ള പോരാട്ടത്തിന് പുറമേ ഒരു സ്വതന്ത്ര രാജ്യമായി എങ്ങനെയായിരിക്കണമെന്ന ആശയവും നിലനിന്നിരുന്നതായി മോദി ഓര്‍മ്മിപ്പിച്ചു.

രാജ്യത്തെ ഗുരുക്കന്മാരും സന്യാസിമാരും മതാചാരങ്ങളെ പരിഷ്‌കരിക്കുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചതെന്നും മോദി ഓര്‍മ്മിപ്പിച്ചു. ഇന്ന് മുതല്‍ 25 വര്‍ഷങ്ങള്‍ക്ക് ശേഷം, രാജ്യം അതിന്റെ സ്വാതന്ത്ര്യത്തിന്റെ 100 വര്‍ഷം ആഘോഷിക്കും. പത്ത് വര്‍ഷത്തിന് ശേഷം ശിവഗിരി തീര്‍ത്ഥാടനത്തിന്റെ 100 വര്‍ഷത്തെ യാത്രയും ആഘോഷിക്കും.ഈ നൂറുവര്‍ഷത്തെ യാത്രയിലെ നേട്ടങ്ങള്‍ ആഗോളമായിരിക്കണം. അതിനായി കാഴ്ചപ്പാടും ആഗോളമായിരിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മലയാളത്തിലാണ് മോദി ആദ്യം സംസാരിച്ച്‌ തുടങ്ങിയത്.