സുബൈര്‍ വധം:പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച രണ്ടാമത്തെ കാർ കണ്ടെത്തി

പാലക്കാട് സുബൈര്‍ വധക്കേസില്‍ കൊലയാളികള്‍ ഉപയോഗിച്ചെന്ന് കരുതുന്ന രണ്ടാമത്തെ കാര്‍ കണ്ടെത്തി. കഞ്ചിക്കോട് ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.കെഎല്‍ 9 എക്യു 7901 എന്ന നമ്പറിലുള്ള കാറാണ് കഞ്ചിക്കോട് കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷമാണ് ഈ കാര്‍ ഇവിടെ നിര്‍ത്തിയിട്ടതെന്ന് സമീപത്തുള്ള കടക്കാരന്‍ പറയുന്നു. രാവിലെ 11 മണിക്ക് കടയടച്ച്‌ പോകുമ്പോൾ ഈ കാര്‍ അവിടെ ഉണ്ടായിരുന്നില്ല. തിരിച്ച്‌ രണ്ട് മണിയോടെ കടയില്‍ എത്തിയപ്പോഴാണ് കാര്‍ കണ്ടത്. രാത്രി എട്ട് മണിയായിട്ടും ഇവിടെ നിന്ന് കാര്‍ കൊണ്ടു പോകാന്‍ ആരും എത്തിയില്ല. പിന്നാലെ പൊലീസിന് വിവരം നല്‍കുകയായിരുന്നുവെന്ന് കടക്കാരന്‍ പറയുന്നു.

സംഭവ സ്ഥലത്തു നിന്ന് ഏതാണ്ട് പത്ത് കിലോമീറ്ററിനുള്ളിലാണ് കാര്‍ കിടന്നിരുന്നത്. രണ്ട് കാറുകളാണ് അക്രമി സംഘം ഉപയോ​ഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലയ്ക്ക് ശേഷം രക്ഷപ്പെട്ടവര്‍ ഉപേക്ഷിച്ച കാര്‍ നാല് മാസം മുന്‍പ് കൊല്ലപ്പെട്ട എലപ്പുള്ളിയിലെ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. അതിനിടെ, സുബൈറിനെ കൊലപ്പെടുത്താനെത്തിയവർ സഞ്ചരിച്ച കാർ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിന്റേത് തന്നെന്ന് അമ്മ സുനിതയും ഭാര്യയും സ്ഥിരീകരിച്ചിരുന്നു