വീടിന് തീപിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം, പൊള്ളലേറ്റ മകൾ ഗുരുതരാവസ്ഥയിൽ

തൊടുപുഴ: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ചത് ഷോര്‍ട്ട്സര്‍ക്യൂട്ട് കാരണമെന്ന് പ്രാഥമിക വിവരം. വീടിനുണ്ടായ തീപിടുത്തത്തില്‍ രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്.ഇവരുടെ മകള്‍ ശ്രീധന്യ ഗുരുതരമായി പൊള്ളലേറ്റതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. വീടിന് തീപിടിച്ച വിവരം മകളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ മകളെ ഉടന്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ പൊള്ളല്‍ ഗുരുതരമായതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ലൈഫ് പദ്ധതിയിലൂടെ ലഭിച്ച വീട്ടില്‍ രണ്ട് ദിവസം മുമ്ബാണ് ഇവര്‍ താമസം തുടങ്ങിയത്

നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സ് ഉള്‍പ്പടെ സ്ഥലത്തെത്തിയാണ് പൂര്‍ണതോതിലുള്ള രക്ഷാപ്രവര്‍ത്തനം നടത്തിയത്. രവീന്ദ്രനേയും ഉഷയേയും സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരിച്ചിരുന്നു.