വർദ്ധിച്ചുവരുന്ന വൈദ്യുത തടസ്സം ചൂണ്ടിക്കാട്ടി വകുപ്പ് മന്ത്രിയ്ക്ക് അഴൂർ സ്വദേശിയുടെ തുറന്നകത്ത്. ചിറയിൻകീഴ് അഴൂർ സ്വദേശി സവിൻ എസ് വിജയാണ് വകുപ്പ് മന്ത്രിയ്ക്ക് തുറന്ന കത്തെഴുതിയത്.
കത്തിന്റെ പൂർണ്ണരൂപം.
ഞാൻ ചിറയിൻകീഴ് നിയോജക മണ്ഡലത്തിലെ അഴൂർ പഞ്ചായത്തിൽ ആറാം വാർഡിൽ വി എസ് ഭവനിൽ സ്ഥിരതാമസക്കാരനാണ്. കൂടാതെ കേരളത്തിന്റെ അങ്ങോളമിങ്ങോളം യാത്ര ചെയ്യുന്ന ഒരു വ്യക്തികൂടിയാണ് ഞാൻ. ആയതിനാൽ മറ്റൊരു സ്ഥലത്തും കാണാൻ സാധിക്കാത്ത ഒരു പ്രത്യേകതയാണ് എനിക്ക് എന്റെ നാട്ടിൽ, ചിറയിൻകീഴ് വൈദ്യുത കാര്യാലയത്തിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ കാണാൻ സാധിക്കുന്നത്. ഒരു ചെറിയ കാറ്റോ, ആകാശത്ത് മഴമേഘങ്ങളോ പ്രത്യക്ഷപ്പെട്ടാൽ അതേ നിമിഷം തന്നെ ഇവിടെ വൈദ്യുതി മുടങ്ങും. ശക്തമായ കാറ്റോ മഴയോ മരങ്ങൾ കടപുഴകി വീഴുന്നതോ അല്ല ഇവിടെ വിഷയം. മറ്റെന്തോ ആണ് കാരണം; ബന്ധപ്പെട്ട കാര്യാലയത്തിൽ വിളിച്ച് അന്വേഷിക്കാം എന്ന് വച്ചാൽ പലപ്പോഴും അവിടത്തെ ഫോൺ പരിധിക്ക് പുറത്തായിരിക്കും. ഇനി അഥവാ കണക്ഷൻ ലഭിക്കുകയാണെങ്കിൽ എടുക്കുന്ന ഉദ്യോഗസ്ഥനിൽ നിന്നും നിഷേധാത്മകമായ മറുപടിയോ, അതല്ലെങ്കിൽ ആ ചെറിയ കാറ്റിൽ ഫീഡർ കംപ്ലയിന്റ് ആയി എന്നതോ, അതുമല്ലെങ്കിൽ ഇവിടെ ഞങ്ങളും ഇരുട്ടത്താണ് എന്നതോ മറ്റോ ആകും മറുപടി. ആ മറുപടിയെ ചോദ്യം ചെയ്യുകയാണെങ്കിൽ അതിനുള്ള മറുപടി ഇങ്ങിനെയും "മെയിൻ ഫീഡർ പോയതാണ്. അത് ശരിയാക്കേണ്ടത് നമ്മളല്ല, അത് ശരിയാകുമ്പോൾ കറന്റ് വരും" ഇത്രയും പറഞ്ഞു ആ മഹാൻ ഫോൺ കട്ട് ചെയ്യുകയാണ് പതിവ്. അതേ സമയത് തന്നെ തൊട്ടടുത്തുള്ള ആറ്റിങ്ങൽ, മംഗലാപുരം എന്നീ വൈദ്യുതി കാര്യാലയങ്ങളുടെ പരിധിയിൽ ലൈനിൽ വൈദ്യുതി കാണുകയും ചെയ്യും. അപ്പോൾ ഈ ചിറയിൻകീഴ് പരിധിയിലേക്ക് മാത്രം വൈദ്യുതി നൽകുന്ന ആ സ്‌പെഷ്യൽ ഫീഡർ ഏതാണെന്നറിഞ്ഞാൽ കൊള്ളാമെന്നുണ്ട്.
കഴിഞ്ഞ ദിവസം പെയ്ത മഴയിലും ഇത് തന്നെയാണ് സംഭവിച്ചത്. ഒരു സ്ഥലത്ത് വൈദ്യുതബന്ധം തകരാറിലായാൽ അടുത്ത 12 മണിക്കൂറുകൾക്കുള്ളിൽ അത് പരിഹരിച്ചിരിക്കണം എന്ന സർക്കുലർ നിലവിൽ ഉണ്ടെന്നാണ് എന്റെ വിശ്വാസം. എന്നിരുന്നാലും ഇവിടത്തെ സാറന്മാർക്ക് മിനിമം 24 മണിക്കൂറുകൾ വേണമെന്നാണ് നിർബന്ധം. കോവിഡ് നിയന്ത്രണങ്ങൾ നിലവിലുണ്ടായിരുന്ന സമയത്ത് ഒരു വൈകുന്നേരം പെയ്തിറങ്ങിയ ശക്തമായ കാറ്റിലും മഴയിലും ധാരാളം മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുത ലൈനുകളും പോസ്റ്റുകളും ഒടിഞ്ഞിട്ടും ധാരാളം നാശനഷ്ടങ്ങളുണ്ടായ മംഗലാപുരം സെക്ഷൻ അടുത്ത പകൽ അവസാനിക്കും മുൻപ് വൈദ്യുതി പുനഃസ്ഥാപിച്ചപ്പോൾ അത്രയേറെ ദുരന്തം ബാധിക്കാത്ത ചിറയിൻകീഴ് സെക്ഷൻ പരിധിയിൽ അതിനു 48 മണിക്കൂറുകൾക്ക് മുകളിൽ സമയം വേണ്ടി വന്നു എന്നത് വാസ്തവം.
അതിലും വലിയ രസകരമായൊരു തമാശ ഉണ്ട്. മാസത്തിൽ മിനിമം 3 ദിവസം ഈ കാര്യാലയത്തിൽ നിന്ന് മെസ്സേജ് വരും. അത് മഴ ആയാലും വെയിൽ ആയാലും മഞ്ഞായാലും കാറ്റായാലും ഏത് കാലാവസ്ഥ ആയാലും. രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ലൈനിൽ മെയിന്റനൻസ് വർക്ക് നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും എന്ന്. അത് അതുപോലെ മുടങ്ങുകയും ചെയ്യും. അതിന്റെ വിശദീകരണം ചോദിച്ചാൽ പറയുന്ന കാരണമാണ് അതിലും തമാശ, വരാനിരിക്കുന്ന മഴക്കാലം മുന്നിൽ കണ്ട് പഴകിയ കറന്റ് കമ്പികളും, പോസ്റ്റുകളും നീക്കം ചെയ്ത് പുതിയത് സ്ഥാപിക്കാനാണെന്നു. എന്നിട്ട് എന്തുകൊണ്ടാകും സാറേ മഴയത്തും കാറ്റത്തും കറന്റ് പോയത് വരാതിരുന്നത്?
മെയിന്റനൻസിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ കൃത്രിമം കാണിക്കുന്നതുകൊണ്ടാണോ? അതോ മെയിന്റനൻസ് പണിക്ക് എന്നും പറഞ്ഞു ലൈൻ ഓഫ് ആക്കിയിട്ട് കൃത്യമായ മെയിന്റനൻസ് ചെയ്യാതെ മാറ്റി സ്ഥാപിക്കാൻ വരുന്ന പുതിയ വസ്തുക്കൾ മറിച്ച് വിൽക്കുന്നതുകൊണ്ടാണോ?
വർഷങ്ങളായി ചിറയിൻകീഴ് വൈദ്യുത കാര്യാലയത്തിന്റെ കീഴിൽ നടന്നു വരുന്ന ഒരു സ്ഥിരം കലാപരിപാടിയാണ് മേൽ വിവരിച്ചത്. ഇനി അഥവാ ഫ്യൂസ് പോയതോ, ലൈനിൽ ഓല വീണതോ അതുപോലുള്ള ചെറിയ കാര്യങ്ങൾക്ക് വിളിച്ചാലുള്ള അവസ്ഥ പറയാം. പരാതിക്കാരന്റെ കൺസ്യൂമർ നമ്പറും മൊബൈൽ നമ്പറും ചോദിച്ചറിയുന്ന ഉദ്യോഗസ്ഥൻ ഉടനെ ആളിനെ വിടാം എന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്യും. ഒരു മണിക്കൂർ കഴിഞ്ഞും ആളെ കാണാഞ് നമ്മൾ വിളിക്കുമ്പോൾ ഏതോ സിനിമയിൽ പറയുന്നത് പോലെ ആൾ ഇവിടെ നിന്ന് പുറപ്പെട്ടിട്ടുണ്ട്. വേണമെങ്കിൽ അര മണിക്കൂർ മുന്നേ പുറപ്പെടാം എന്നുള്ള ധാർഷ്ട്യത്തോടെയാകും മറുപടി. അതും പോട്ടെ, ക്ഷമിക്കാം. അപ്പോഴും പ്രശ്നമതല്ല. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാൻ അധികാരപ്പെട്ടവർ ഈ സമയത്തും സ്ഥലത്തെത്തുകയോ പരാതി പരിഹരിക്കുകയോ ചെയ്യുകയില്ല. ഒടുവിൽ അവർക്ക് സൗകര്യപ്പെടുമ്പോൾ വന്നു ചെയ്തിട്ട് പോകും. (പക്ഷെ അതിനും അടുത്ത ഒരു കാറ്റ് വീശുന്നത് വരെ വാലിഡിറ്റി ഉള്ളൂ) അതുവരെ നമ്മൾ ഇരുട്ടത്ത് ഇരിക്കണം.
ഈ ധാർഷ്ട്യത്തിനും കെടുകാര്യസ്ഥതയ്ക്കും ശാശ്വതമായൊരു പരിഹാരം ഉണ്ടായാലേ മതിയാകൂ. കാരണം ഓരോ സർക്കാർ ജീവനക്കാരനും പൊതുജനത്തിന്റെ നികുതിപ്പണം ശമ്പളമായി കൈനീട്ടി വാങ്ങുന്നത് പൊതുജനങ്ങൾക്കുവേണ്ടി ജോലി ചെയ്യാനാണ്. അങ്ങിനെ ജോലി ചെയ്യാൻ വയ്യാത്തവർ ഇനി എത്ര വിദ്യാസമ്പന്നർ ആയാലും ആ ജോലിക്ക് അർഹനല്ല എന്നാണു ഞാൻ വിശ്വസിക്കുന്നത്. അങ്ങനെയുള്ളവരെ സർവ്വീസിൽ നിന്ന് പിരിച്ചുവിടുക തന്നെ വേണം. താങ്കളെപ്പോലും ജനങ്ങൾ വോട്ട് ചെയ്ത് വിജയിപ്പിച്ചത് ജനങ്ങൾക്ക് ആവശ്യമുള്ള കാര്യങ്ങൾ, ജനങ്ങൾ ആഗ്രഹിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ, സേവനങ്ങൾ എന്നിവ താങ്കൾ അറിഞ്ഞു ചെയ്യും എന്ന വിശ്വാസം ഒന്നുകൊണ്ട് മാത്രമായിരിക്കണം.
ചിറയിൻകീഴ് വൈദ്യുത കാര്യാലയത്ത സംബന്ധിച്ചു മേല്പറഞ്ഞ വസ്തുക്കൾ ശരിയാണെന്നു എനിക്ക് 100% ബോധ്യമുള്ളതിനാൽ എന്റെ അപേക്ഷ ഇതാണ്; കാര്യങ്ങൾ സമയബന്ധിതമായി ചെയ്തുതീർക്കാൻ കാര്യപ്രാപ്തി ഇല്ലാത്ത ഇത്തരം ഉദ്യോഗസ്ഥരെയും കരാർ തൊഴിലാളികളെയും ഒന്നുകിൽ വേണ്ട പരിശീലനം നൽകി കാര്യപ്രാപ്തി ഉള്ളവരാക്കി മാറ്റുക. അല്ലെങ്കിൽ ഇവരെ സർവ്വീസിൽ നിന്ന് പിരിച്ചു വിടുകയോ അതുമല്ലെങ്കിൽ മറ്റേതെങ്കിലും അടിയന്തര സേവനം ആവശ്യമില്ലാത്ത ഡിപ്പാർട്‌മെന്റുകളിലേക്ക് മാറ്റി പോസ്റ്റ് ചെയ്യുകയോ ചെയ്യുക.
അതിനു താങ്കൾക്ക് സാധിക്കുന്നില്ല എങ്കിൽ ഇപ്പോൾ താങ്കൾ ഇരിക്കുന്ന കസേര താങ്കൾക്ക് അർഹതപ്പെട്ടത് തന്നെയാണോ എന്ന് ഒരിക്കൽ കൂടി സ്വയം പുനഃപരിശോധിക്കുക.