സിപിഎം സംഘടനയുമായി തുറന്ന പോരിന് കെഎസ്ഇബി; എം.ജി സുരേഷിന് സസ്‌പെന്‍ഷന്‍

വൈദ്യുതി ബോര്‍ഡില്‍ സിപിഐഎം സംഘടനയുമായി തുറന്ന പോരിനൊരുങ്ങി കെഎസ്ഇബി ചെയര്‍മാന്‍. കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് എം ജി സുരേഷിനെ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം കെഎസ്ഇബി ചെയര്‍മാനെതിരെ എം ജി സുരേഷിന്റെ നേതൃത്വത്തില്‍ വൈദ്യുതി ഭവന് മുന്നില്‍ സത്യാഗ്രഹവും പ്രതിഷേധ ദിനവും നടത്തിയിരുന്നു. മാനേജ്‌മെന്റിന്റെ വിലക്ക് മറികടന്നകൊണ്ടായിരുന്നു ഈ നീക്കം. ഇതേത്തുടര്‍ന്നാണ് എം ജി സുരേഷിനെതിരെ നടപടിയെടുത്തത്.കെഎസ്ഇബിയിലെ വനിതാ എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ നിയമവിരുദ്ധമായി സസ്‌പെന്‍ഡ് ചെയ്തതാണ് നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം. അനുമതി കൂടാതെ അവധിയില്‍ പോയി, ചുമതല കൈമാറുന്നതില്‍ വീഴ്ച വരുത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മാര്‍ച്ച് 28നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കിയത്.സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയപ്പോള്‍ ചെയര്‍മാന്‍ പരിഹസിച്ചുവെന്നും, സംഘടനയുമായി ചര്‍ച്ചക്ക് പോലും തയാറാകുന്നില്ലെന്നും കെ എസ് ഇ ബി ഓഫിസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.