*രാത്രിയില്‍ ആകാശത്ത് ജ്വലിക്കുന്ന വസ്തു, പുലർച്ചെ ഭൂമിയില്‍ ലോഹവളയം; അമ്പരന്ന് ഗ്രാമവാസികള്‍*


മുംബൈ: രാത്രിയില്‍ ആകാശത്ത് ജ്വലിക്കുന്നവസ്തു അതിവേഗം നീങ്ങുന്നത് കണ്ട് മണിക്കൂറുകള്‍ക്കു ശേഷം നിലത്ത് ലോഹവളയവും ദീര്‍ഘവൃത്താകൃതിയിലുള്ള വസ്തുവും കണ്ടതിന്റെ ഞെട്ടലിലാണ് മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ നിവാസികള്‍.

മൂന്നുമീറ്ററോളമുള്ള ലോഹവളയമാണ് സിന്ദേവാഹിയിലെ ഒരു ഗ്രാമത്തില്‍ കണ്ടെത്തിയത്. വളയത്തിന് ചൂടുണ്ടായിരുന്നെന്നും ആകാശത്തുനിന്ന് വീണതാണെന്നാണ് കരുതുന്നതെന്നും ചന്ദ്രപുര്‍ തഹസില്‍ദാര്‍ ഗണേഷ് ജഗ്ദാലെ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയോടു പ്രതികരിച്ചു. രാവിലെ മറ്റൊരു ഗ്രാമത്തില്‍ വൃത്താകൃതിയിലുള്ള മറ്റൊരു വസ്തുവും കണ്ടെത്തി, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശനിയാഴ്ച രാത്രി, തുറസ്സായ സ്ഥലത്ത് ഇരുമ്പുവളയം കിടക്കുന്നത് ജനങ്ങള്‍ കണ്ടെന്ന് ചന്ദ്രപുര്‍ ജില്ലാ കളക്ടര്‍ അജയ് ഗുല്‍ഹാനെയും പറഞ്ഞു. ആ ലോഹവളയം മുന്‍പ് അവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ അത് ഇന്നലെ ആകാശത്തുനിന്ന് വീണതാകാമെന്നാണ് കരുതുന്നത്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസ്തുക്കളെ കുറിച്ച് പരിശോധന നടത്താന്‍ മുംബൈയിലെ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് കണ്‍ട്രോള്‍ റൂമില്‍നിന്നുള്ള സംഘം ചന്ദ്രപുരില്‍ സന്ദര്‍ശനം നടത്തുമെന്നും കളക്ടര്‍ പറഞ്ഞു.
അതേസമയം, ഉപഗ്രഹ വിക്ഷേപണത്തിനു ശേഷമുള്ള റോക്കറ്റ് ബൂസ്റ്ററുകളുടെ അവശിഷ്ടങ്ങളാകാം ഈ വസ്തുക്കളെന്നാണ് വിദഗ്ധര്‍ നല്‍കുന്ന സൂചന