സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ ലോകത്തിലെ മികച്ച മാതൃകയായ ഫിൻലാന്റ് കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ സന്നദ്ധത അറിച്ചു. കേരളത്തിന്റെ പ്രത്യേക പ്രതിനിധിയും നിലവിൽ സ്കൂൾ പാഠ്യപദ്ധതി കരിക്കുലം കമ്മിറ്റി അംഗവുമായ വേണുരാജാമണി മുഖ്യമന്ത്രിയുടേയും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടേയും നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ഫിൻലാന്റ് അബാസിഡർ റിത്വ കൗക്കു റോണ്ടേ, വിദ്യാഭ്യാസ പ്രതിനിധി മികാ ടിറോൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം ഉണ്ടായത്.
വിശദമായ ചർച്ചകൾക്കായി ഫിൻലാന്റ് അബാസിഡറും വിദ്യാഭ്യാസ പ്രതിനിധിയും 2022 ആഗസ്റ്റിൽ കേരളം സന്ദർശിക്കും. ചർച്ചകളുടെ തുടക്കം എന്ന നിലയിൽ വെബിനാർ സിരീസ് ആരംഭിക്കും. സ്കൂൾ പാഠ്യപദ്ധതി, അധ്യാപക ശാക്തീകരണം, നിരന്തര മൂല്യനിർണയം, സാങ്കേതിക വിദ്യയുടെ ഉപയോഗം തുടങ്ങി വിദ്യാഭ്യാസത്തിന്റെ വിവിധ മേഖലകളിലായിരിക്കും വെബിനാറുകൾ സംഘടിപ്പിക്കുക. സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണം ആരംഭിച്ച പശ്ചാത്തലത്തിൽ ഫിൻലാന്റുമായുള്ള വിദ്യാഭ്യാസ സഹകരണം കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തും.