'ഗൂഢാലോചനയിലെ പ്രധാന തെളിവ്';ദിലീപിന്‍റെ സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയും നടനുമായ ദിലീപിന്‍റെ കാർ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ദിലീപിന്‍റെ പദ്മസരോവരം വീട്ടിലെത്തിയാണ് അന്വേഷണ സംഘം കാർ കസ്റ്റഡിയിലെടുത്തത്. ദിലീപിന്റെ ചുവന്ന സ്വിഫ്റ്റ് കാറാണ് കസ്റ്റഡിയിലെടുത്തത്. 2016ൽ പൾസർ സുനിയും ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്നും ഗൂഡലോചനയിലെ പ്രധാന തെളിവാണ് ഈ കാറെന്നും അന്വേഷണ സംഘം പറയുന്നു. ദിലീപിന്‍റെ വീട്ടിലെത്തി പൾസർ സുനി മടങ്ങിയത് ഈ കാറിലാണ്. വീട്ടിൽവെച്ച് പൾസർ സുനിയ്ക്ക് ദിലീപ് പണവും കൈമാറിയിരുന്നു. കാറിൽ മടങ്ങുമ്പോള്‍ പൾസർ സുനിയ്ക്കൊപ്പം ദിലീപിന്‍റെ സഹോദരൻ അനൂപും ഉണ്ടായിരുന്നെന്ന് ക്രൈംബ്രാ‌ഞ്ച് പറയുന്നു. അതിനിടെ, കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്തിന്റെ ഒറിജിനൽ ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. സഹതടവുകാരൻ കുന്ദംകുളം സ്വദേശി സജിത്തിന്റെ വീട്ടിൽ നിന്നാണ് കത്ത് കിട്ടിയത്. കത്തിന്റെ ആധികാരികത ഉറപ്പാക്കാൻ പൾസർ സുനിയുടെ  കൈയ്യക്ഷരത്തിന്റെ സാമ്പിൾ പൊലീസ് ശേഖരിച്ചു. ഇന്നലെ ജയിലിൽ എത്തിയാണ് അന്വേഷണ സംഘം സാമ്പിൾ ശേഖരിച്ചത്. ഈ സാംപിൾ ഉടൻ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. നടിയെ ആക്രമിച്ച ഗൂഢാലോചനയ്ക്ക് പിന്നിൽ ദിലീപാണെന്ന് ആരോപിക്കുന്നതാണ് കത്തിന്റെ ഉള്ളടക്കം. ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്ക് പിന്നാലെ സുനിയുടെ അമ്മ കത്തിന്റെ പകർപ്പ് പുറത്ത് വിട്ടിരുന്നു. 2018 മെയ്‌ 7 നായിരുന്നു സുനി ജയിലിൽ നിന്ന് കത്ത് എഴുതിയത്. എന്നാൽ കത്ത് ദിലീപിന് കൈമാറാൻ കഴിഞ്ഞിരുന്നില്ല എന്നാണ് അവകാശവാദം. ദിലീപിന്റെ അഭിഭാഷകൻ സജിത്തിൽ നിന്ന് കത്ത് വാങ്ങുകയും ദിവസങ്ങൾ കഴിഞ്ഞ് തിരിച്ചു നൽകുകയും ചെയ്തുവെന്നും ആരോപണമുണ്ട്.