തമിഴ് നാട് തിരിപ്പൂർ ചിന്നപാളയം ഗണപതി കോവിൽ തെരുവ് വീട്ടുനമ്പർ (35) ൽ ചിന്നമ്മ മകൾ സബിത വയസ് (47), സബിതയുടെ മകൾ അനുസിയ വയസ് (25) എന്നിവരെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പകൽ 11.45 മണിയോടുകൂടി നെടുമങ്ങാട് നിന്നും ആറ്റിങ്ങലിലേക്ക് പോയ KSRTC ബസിൽ യാത്ര ചെയ്തിരുന്ന കല്ലിയോട് സ്വദേശിനി നസീമബീവിയുടെ കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വില വരുന്ന രണ്ടര പവൻ തൂക്കമുള്ള സ്വർണമാല മൂഴിയിൽ വച്ച് പിടിച്ച് പറിച്ചതിനാണ് ഇവർ പിടിയിലായത്. നസീമബീവിയോടൊപ്പം യാത്ര ചെയ്തിരുന്ന ഇവർ മനപൂർവം തിരക്കുണ്ടാക്കി ബലമായി മാല പിടിച്ച് പറിക്കുകയായിരുന്നു. സംഭവമറിഞ്ഞ മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ തടഞ്ഞു നിർത്തി പോലീസിൽ വിവരം അറിയിച്ചതിൽ പ്രകാരം പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മാല ഇവരിൽ നിന്നും കണ്ടെടുത്തു. നെടുമങ്ങാട് പോലീസ് ഇൻസ്പെക്ടർ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ എസ് ഐ മാരായ സുനിൽ ഗോപി, സൂര്യ, ഭുവനേന്ദ്രൻ നായർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയത്. കോടതി പ്രതികളെ റിമാൻ്റ് ചെയ്തു.