യുവതി ആത്മഹത്യ ചെയ്തതിന് പിന്നിൽ ഓൺലൈൻ റമ്മി

കൊയിലാണ്ടി ചേലിയയിലെ യുവതിയുടെ മരണത്തിനുപിന്നിൽ ഓൺലൈൻ റമ്മി കളിയിൽ പണം നഷ്ടപ്പെട്ടതാണെന്ന് ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ. 
ചേലിയ മലയിൽ ബിജിഷയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണത്തിലാണ് നിർണായകമായ കണ്ടെത്തലുകൾ. ഓൺലൈൻ ഗെയിമുകൾക്കായി ഒന്നേകാൽ കോടി രൂപയുടെ ഇടപാട് നടത്തിയതായും ലക്ഷങ്ങൾ നഷ്ടപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് കണ്ടെത്തി.
35 പവൻ്റെ ആഭരണങ്ങൾ പണയപ്പെടുത്തിയും റമ്മി കളിച്ചു. വിവാഹത്തിന് വീട്ടുകാർ കരുതിയ സ്വർണ്ണമാണിത്.
സ്വകാര്യ ടെലികോം കമ്പനിയുടെ സ്‌റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ ഡിസംബർ 12നാണ്  വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം അറിയാൻ ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുക്കുകയായിരുന്നു.

ആദ്യഘട്ടത്തിൽ കളികൾ ജയിച്ച് പണം ലഭിച്ചതോടെ വീണ്ടും ഗെയിമുകൾക്ക് വേണ്ടി പണം നിക്ഷേപിച്ചു. യുപിഐ ആപ്പ് വഴിയായിരുന്നു ഇടപാടുകൾ.ഓൺലൈൻ വായ്പ നൽകുന്ന കമ്പനികളിൽനിന്ന് ആരുമറിയാതെ വായ്പയും വാങ്ങി. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നൽകിയ കമ്പനികൾ സുഹൃത്തുക്കൾക്ക് സന്ദേശം അയച്ച് അപമാനിച്ചു.