വർക്കല : പലചരക്കുസാധനങ്ങൾ വാങ്ങിയിട്ട് പണം കൊടുക്കാത്തത് ചോദ്യംചെയ്തതിന് മേൽവെട്ടൂരിൽ 70-കാരനായ വ്യാപാരിക്ക് ക്രൂരമർദനം. മേൽവെട്ടൂർ ജങ്ഷനിൽ ദക്ഷിത് സ്റ്റോർ നടത്തുന്ന മേൽവെട്ടൂർ ‘അനശ്വര’യിൽ സതീശനെയാണ് കടയ്ക്കുള്ളിൽ അതിക്രമിച്ചുകയറി തല്ലിച്ചതച്ചത്. വെട്ടൂർ കാട്ടുവിള സ്വദേശി അച്ചുവെന്ന് വിളിക്കുന്ന അനീഷിനെതിരേ വർക്കല പോലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്.
ആക്രമണത്തിൽ സതീശന്റെ വലതു കൈ ഒടിയുകയും കണ്ണിന് പരിക്കേൽക്കുകയും ദേഹമാസകലം മർദനമേൽക്കുകയും ചെയ്തു. ഇദ്ദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
കഴിഞ്ഞദിവസം വൈകീട്ടാണ് അനീഷ് സതീശന്റെ കടയിലെത്തിയത്. സാധനങ്ങൾ വാങ്ങിയശേഷം ഇയാൾ പണം കൊടുക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും അനീഷ് കടയിൽ കയറി സതീശനെ മർദിക്കുകയുമായിരുന്നു. മർദനമേറ്റ് നിലത്തുവീണപ്പോൾ അവിടെയിട്ടും തല്ലി. ഈ സമയം മഴയായിരുന്നതിനാൽ കടയിലും റോഡിലും ആളുകൾ കുറവായിരുന്നു. സംഭവം കണ്ടെത്തിയ ഓട്ടോ ഡ്രൈവറാണ് അനീഷിനെ പിടിച്ചുമാറ്റിയത്. പോലീസ് എത്തിയാണ് സതീശനെ ആശുപത്രിയിലാക്കിയത്.
അടുത്ത കടയുടെ വരാന്തയിൽ നിന്നിരുന്ന ആരോ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് ക്രൂരത പുറത്തറിഞ്ഞത്.
മേൽവെട്ടൂർ ജങ്ഷനിൽ വാടകയ്ക്കാണ് സതീശൻ കട നടത്തുന്നത്. ഭാര്യ കടയിൽനിന്നു വീട്ടിലേക്കുപോയ സമയത്താണ് അക്രമം നടന്നത്. കടയിലുണ്ടായിരുന്ന പണവും നഷ്ടമായതായി പോലീസിനു നൽകിയ പരാതിയിൽ പറയുന്നു.
ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതായും പ്രതിക്കായി അന്വേഷണം നടത്തുകയാണെന്നും പോലീസ് അറിയിച്ചു