*എന്നും ഇന്ത്യയ്‌ക്കൊപ്പം; ഏതാവശ്യവും പരിഗണിക്കാമെന്ന് റഷ്യ*

 *യുദ്ധത്തിനുമുമ്പുള്ള വിലയിൽ ഇന്ത്യക്ക് എണ്ണ റൂബിൾ രൂപ വിനിമയസംവിധാനം ശക്തിപ്പെടുത്തും  ചർച്ച അമേരിക്കയുടെ മുന്നറിയിപ്പിനിടയിൽ*
*പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ വിദേശമന്ത്രി സെർജി ലാവ്റോവും ഡൽഹിയിൽനടന്ന കൂടിക്കാഴ്ചയ്ക്കിടെ*
അസംസ്കൃത എണ്ണയുൾപ്പെടെ ഇന്ത്യയുടെ ഏത് ആവശ്യവും പരിഗണിക്കാമെന്ന് റഷ്യ. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ എന്നിവരുമായുള്ള കൂടിക്കാഴ്ചയിലാണ് റഷ്യൻ വിദേശമന്ത്രി സെർജി ലവ്റോവിന്റെ വാഗ്ദാനം.

അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളുടെ നിശിതവിമർശനങ്ങൾക്കും മുന്നറിയിപ്പിനുമിടയിലാണ് ഡൽഹിയിലെത്തിയ റഷ്യൻ പ്രതിനിധിയുമായി ഇന്ത്യ നിർണായക ചർച്ചനടത്തിയത്. യുക്രൈൻ പ്രതിസന്ധി ആരംഭിക്കുന്നതിനുമുമ്പുള്ള വിലയിൽ ഇന്ത്യക്ക് എണ്ണ നൽകാമെന്നതാണ് പ്രധാനവാഗ്ദാനം. ഡോളറിനെ മറികടന്ന് വാണിജ്യ-വ്യാപാര ഇടപാടുകൾ നടത്താൻ റൂബിൾ-രൂപ സംവിധാനം ശക്തിപ്പെടുത്തുന്നതിനും നടപടികളുണ്ടാകും.

മോസ്‌കോക്കെതിരായ ഉപരോധത്തെ അവഗണിക്കുന്ന രാജ്യങ്ങൾ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയായിരുന്നു ഇന്ത്യ-റഷ്യ ഉന്നതതലചർച്ച. യുക്രൈനെ കടന്നാക്രമിച്ച റഷ്യയിൽനിന്ന് എണ്ണയും ആയുധങ്ങളും വാങ്ങുന്നത് നിർത്തണമെന്ന് അമേരിക്ക, ബ്രിട്ടൻ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങൾ ഇന്ത്യക്കുമേൽ കടുത്തസമ്മർദം ചെലുത്തുന്നുണ്ട്.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.30-ന് ഡൽഹി ഹൈദരാബാദ് ഹൗസിലാണ് വിദേശകാര്യമന്ത്രിമാർ കൂടിക്കാഴ്ചനടത്തിയത്. ഇന്ത്യ-റഷ്യ ബന്ധത്തിലെ പ്രധാനവാക്ക് സൗഹൃദം എന്നതാണെന്ന് സെർജി ലവ്‌റോവ് പറഞ്ഞു. അന്താരാഷ്ട്ര വിഷയങ്ങളെ പടിഞ്ഞാറൻ രാജ്യങ്ങൾ യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാനാണ് ശ്രമിക്കുന്നത്. പക്ഷംപിടിക്കാതെ, വസ്തുതകളെ അടിസ്ഥാനമാക്കി ഇന്ത്യ നിലപാട് സ്വീകരിക്കുന്നതിനെ റഷ്യ സ്വാഗതംചെയ്യുന്നെന്ന് ലവ്റോവ് പറഞ്ഞു.

വിഷമകരമായ ആഗോളാന്തരീക്ഷത്തിലാണ് കൂടിക്കാഴ്ച നടക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ചൂണ്ടിക്കാട്ടി. സംഘർഷങ്ങളും തർക്കങ്ങളും നയതന്ത്രചർച്ചകളിലൂടെ പരിഹരിക്കണമെന്നതാണ് ഇന്ത്യയുടെ നിലപാടെന്നും അദ്ദേഹം ആവർത്തിച്ചു.

ഒന്നരക്കോടി വീപ്പ എണ്ണ

കുറഞ്ഞനിരക്കിൽ ഇന്ത്യ ഒന്നരക്കോടി വീപ്പ എണ്ണ ഈ വർഷം റഷ്യയിൽനിന്ന് വാങ്ങണം. ഇതിനായി റഷ്യയുടെ റോസ്‌നെഫ്റ്റ് പി.ജെ.എസ്.സി.യും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും തമ്മിൽ ധാരണയുണ്ടാക്കും. എന്നാൽ, വിദേശമന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

ഡോളറിനെ മറികടക്കാൻ നടപടി ശക്തമാക്കും

ഉപരോധങ്ങൾ മറികടന്ന് വാണിജ്യ-വ്യാപാര ഇടപാടുകളുമായി മുന്നോട്ടുപോകാൻ ഡോളർ അടിസ്ഥാനമാക്കിയ സാമ്പത്തിക ഇടപാടുകൾക്ക് റഷ്യ ബദൽസം