*സംഘപരിവാറിനെതിരെ വിട്ടുവീഴ്ചയില്ല; ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് കാരാട്ട്*

ഇ കെ നായനാര്‍ നഗര്‍ കണ്ണൂർ: ദേശീയതലത്തില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാനാകുംവിധം ശക്തമായ പോരാട്ടത്തിന് സിപിഐ എമ്മിനെ സജ്ജമാക്കുകയാണ് ലക്ഷ്യമെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട് സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. വിട്ടുവീഴ്ചയില്ലാതെ സംഘപരിവാറിനെ ചെറുത്തേ സിപിഐ എമ്മിന് മുന്നോട്ടുപോകാനാകൂ. കേരളത്തില്‍ സംഘപരിവാറിനെ ചെറുക്കാനാകുന്നുണ്ട്.  മറ്റ് സംസ്ഥാനങ്ങളിലും ആശയപരവും രാഷ്ട്രീയപരവും സംഘടനാപരവുമായി സംഘപരിവാറിനെ നേരിടാനാകുന്ന സംഘടനാശേഷി ഉയര്‍ത്തണം. പല പാര്‍ടികളും സംഘപരിവാറിനെ ചെറുക്കുന്ന കാര്യത്തില്‍ ആടിക്കളിക്കുന്നു. ഇതില്‍നിന്ന് വ്യത്യസ്തമായി ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് സിപിഐ എം ലക്ഷ്യമിടുന്നത്.

കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസിനുശേഷമുള്ള സിപിഐ എമ്മിന്റെ സംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ സ്വയംവിമര്‍ശനപരമായി വിലയിരുത്തുന്ന റിപ്പോര്‍ട്ടാണ് അവതരിപ്പിച്ചത്. കേന്ദ്ര കമ്മിറ്റിയുടെയും പിബിയുടെയും പ്രവര്‍ത്തനങ്ങളാണ് റിപ്പോര്‍ട്ടില്‍ വിലയിരുത്തിയത്. കഴിഞ്ഞ പാര്‍ടി കോണ്‍ഗ്രസില്‍ ലക്ഷ്യമിട്ട പല പരിപാടികളും ഏറ്റെടുക്കുന്നതില്‍ വീഴ്ചവന്നിട്ടുണ്ട്. കോവിഡ് അടച്ചിടലും നിയന്ത്രണങ്ങളും ഇതിന് കാരണമായെന്നും കാരാട്ട് പറഞ്ഞു.