സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കും

സംസ്ഥാനത്ത് രണ്ട് വര്‍ഷത്തിനകം ലാബ് നെറ്റ് വര്‍ക്ക്- ലാബുകളുടെ ശൃംഖല നടപ്പിലാക്കും. ആധുനിക പരിശോധനാ സൗകര്യങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ മുതലുണ്ടാകും. ലാബുകള്‍ക്ക് ഹബ് ആന്റ് സ്‌പോക്ക് മോഡല്‍ നടപ്പിലാക്കും. പകര്‍ച്ച വ്യധികളെയും പകര്‍ച്ചേതര വ്യാധികളേയും ഫലപ്രദമായി തടയാനുള്ള സംവിധാനമാണിത്. 2025 ഓടെ വിവിധതരം രോഗങ്ങളെ നിര്‍മാര്‍ജനം ചെയ്യാനുള്ള തീവ്ര യജ്ഞത്തിലാണ് ആരോഗ്യ വകുപ്പ്. ഈ സംവിധാനം എല്ലാവര്‍ക്കും പ്രാപ്യമായ രീതിയില്‍ നടപ്പിലാക്കും. തെക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ പീഡിയാട്രിക് തീവ്ര പരിചരണ യൂണിറ്റിന്റേയും ഡി.ഇ.ഐ.സി. സെന്‍സറി ഇന്റഗ്രേഷന്‍ റൂമിന്റേയും ഉദ്ഘാടനം നിര്‍വഹിച്ചു.

തൈക്കാട് ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് സ്വതന്ത്ര യൂണിറ്റാക്കുന്നതാണ്. കേരളത്തിന്റെ അങ്ങോളമിങ്ങോളം നിന്നും തമിഴ്‌നാട്ടില്‍ നിന്നും തൈക്കാട് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്താറുണ്ട്. അതിനാലാണ് സര്‍ക്കാര്‍ ഈ ആശുപത്രിക്ക് വളരെ പ്രാധാന്യം നല്‍കുന്നത്. സമയബന്ധിതമായി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് പൂര്‍ത്തിയാക്കും. 2 കോടിയോളം രൂപയോളം ചെലവഴിച്ച് ലക്ഷ്യ ലേബര്‍ റൂമിന്റെ നിര്‍മ്മാണം നടന്നുവരികയാണ്.

സ്വകാര്യ ആശുപത്രികളില്‍പ്പോലുമില്ലാത്ത സംവിധാനങ്ങളാണ് തൈക്കാട് ആശുപത്രിയില്‍ ഉദ്ഘാടനം ചെയ്തത്. കുട്ടികളുടെ ആരോഗ്യവും അമ്മയുടെ ആരോഗ്യവും പ്രധാനമാണ്. കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന വൈകല്യങ്ങള്‍ ജന്മനാ തന്നെ കണ്ടുപിടിച്ച് ഫലപ്രദമായി ചികിത്സ ഉറപ്പാക്കുന്നതിനാണ് ഡി.ഇ.ഐ.സി.കള്‍ സജ്ജമാക്കിയിരിക്കുന്നത്. ഇതുകൂടാതെ മികച്ച സേവനം നല്‍കുന്നതിന് സെന്‍സറി ഇന്റര്‍ഗ്രേഷന്‍ റുമും തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പുറമേയാണ് നൂതന പീഡിയാട്രിക് ഐസിയുകള്‍ സജ്ജമാക്കിയിരിക്കുന്നത്.

ആരോഗ്യ വകുപ്പിന്റെ അഭ്യര്‍ത്ഥന പ്രകാരം കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്റുകളിലെ വെയിറ്റിംഗ് ഏരിയയില്‍ ഓപ്പണ്‍ ജിം ആരംഭിക്കുന്നതിനായി സ്ഥലം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ആശുപത്രിയില്‍ തന്നെ തൈറോയിഡ് പരിശോധിയ്ക്കുന്നതിന് 20 ലക്ഷം രൂപ ചെലവഴിച്ച് തൈക്കാട് ആശുപത്രിയില്‍ അത്യാധുനിക മെഷീന്‍ സജ്ജമാക്കുന്നതാണ്. 12 ഓളം ടെസ്റ്റുകള്‍ ഇതിലൂടെ ചെയ്യാന്‍ സാധിക്കുന്നതാണ്. ആരോഗ്യ വകുപ്പ് തൈക്കാട് ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കുന്നുണ്ട്.