വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി അഹമ്മദ് ദേവർകോവിൽ എത്തിയപ്പോൾ.
വിഴിഞ്ഞം : ശ്രീലങ്കയിലെ പുതിയ രാഷ്ട്രീയ സാഹചര്യം വിഴിഞ്ഞത്തിന് അനുകൂലമായ സാഹചര്യത്തിൽ തുറമുഖത്തിന്റെ നിർമാണം ത്വരിതപ്പെടുത്തുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. വിഴിഞ്ഞത്തെ നിർമാണ പുരോഗതി കാണാനെത്തിയതായിരുന്നു അദ്ദേഹം. 2022 ഡിസംബറോടെ ആദ്യ കപ്പൽ നങ്കൂരമിടാനുള്ള പ്രവർത്തനങ്ങൾ നടത്തും. കണ്ടെയ്‌നർ നീക്കത്തിൽ അനുകൂല സാഹചര്യമാണ് ഇപ്പോഴുള്ളത്. വല്ലാർപാടത്ത് 140 ശതമാനം കണ്ടെയ്നർ നീക്കമാണുണ്ടായിരിക്കുന്നത്. ഇതിന്റെ ഇരട്ടി സാധ്യത വിഴിഞ്ഞത്തിനുള്ളതായി മന്ത്രി പറഞ്ഞു.
തുറമുഖത്തേക്കുള്ള റെയിൽവേയുടെ ഡി.പി.ആറിന് അനുമതി ലഭിച്ചു. ദേശീയപാത ജങ്ഷൻ വികസനം ഡെപ്പോസിറ്റ് വർക്കായി തുറമുഖ കമ്പനിതന്നെ ചെയ്യുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. പുലിമുട്ടിന്റെ നിർമാണം 1810 മീറ്റർ പിന്നിട്ടു. ഇതിന്റെ തുടർച്ചയായുള്ള നിർമാണവും മഴയ്ക്കുമുമ്പ് അതിവേഗം തീർക്കാനുള്ള ശ്രമത്തിലാണ് തുറമുഖ കമ്പനി.
പുലിമുട്ട് നിർമാണത്തിന് ആവശ്യമായ കല്ലുകളെത്തിക്കുന്നതിന് പുതിയ എട്ട് ക്വാറികളിൽ നിന്ന് തുടർച്ചയായി കല്ലുകളെത്തിക്കാനുള്ള നടപടികളുമാരംഭിച്ചിട്ടുണ്ട്. തുറമുഖ അനുബന്ധ വികസന പ്രവർത്തനങ്ങൾക്കായി 26 ഹെക്ടർ ഭൂമിക്ക് പാഡി വെറ്റ്‌ലാൻഡ് ക്ലിയറൻസ് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദാനി തുറമുഖ കമ്പനി സി.ഇ.ഒ. രാജേഷ്ഝാ, കോർപ്പറേറ്റ് അഫയേഴ്‌സ് മേധാവി സുശീൽ നായർ, സെക്യൂരിറ്റി മേധാവി രോഹിത് നായർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.