ആദ്യ ഇലവനില്‍ ഒരു മാറ്റവുമായി ആണ് വെസ്റ്റ് ബംഗാള്‍ മണിപ്പൂരിനെതിരെ സെമിക്ക് ഇറങ്ങിയത്. രണ്ടാം മിനിട്ടില്‍ തന്നെ ബംഗാള്‍ ലീഡ് എടുത്തു. ബോക്സിന്റെ വലതു കോര്‍ണറില്‍ നിന്ന് സുജിത്ത് സിങ് ഗോള്‍ പോസ്റ്റ് ലക്ഷ്യമാക്കി എടുത്ത കിക്ക് മണിപ്പൂര്‍ ഗോള്‍കീപ്പറുടെ തൊട്ടുമുന്നില്‍ പിച്ച് ചെയ്ത് ഗോളായി മാറി. ഏഴാം മിനിട്ടില്‍ ബംഗാള്‍ ലീഡ് രണ്ടാക്കി ഉയര്‍ത്തി. ഇടതു വിങ്ങില്‍ നിന്ന് ബോക്സിലേക്ക് ഉയര്‍ത്തി നല്‍കിയ ബോള്‍ മണിപ്പൂര്‍ ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും തട്ടിയകറ്റാന്‍ ശ്രമിക്കവെ ബോക്സിന് തൊട്ടുമുന്നിലായി നിലയുറപ്പിച്ച ഫര്‍ദിന്‍ അലി മൊല്ലയ്ക്ക് ലഭിച്ചു. ഒരു പ്രതിരോധ താരത്തെ കബളിപ്പിച്ച് ഗോളാക്കി മാറ്റി.
32 ാം മിനിട്ടില്‍ മണിപ്പൂരിന് വീണ്ടുമൊരു അവസരം ലഭിച്ചു. ഉയര്‍ത്തി നല്‍കിയ കോര്‍ണര്‍ കിക്ക് സുധീര്‍ ലൈതോജം ആദ്യം ഹെഡ് ചെയ്‌തെങ്കിലും ബംഗാള്‍ ഗോള്‍കീപ്പര്‍ പ്രിയന്ത് കുമാര്‍ സിങ് തട്ടിയകറ്റി.തുടര്‍ന്ന് ലഭിച്ച പന്ത് റോമന്‍ സിങ് രണ്ട് തവണ പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഗോള്‍കീപ്പറും പ്രതിരോധ താരങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി. 41 ാം മിനിട്ടില്‍ മണിപ്പൂരിന് വീണ്ടും അവസരം ലഭിച്ചു. കോര്‍ണര്‍ കിക്ക് ബംഗാള്‍ ഗോള്‍കീപ്പര്‍ തട്ടിയകറ്റവെ ലഭിച്ച അവസരം ജെനിഷ് സിംഗ് ഗോള്‍കീപ്പര്‍ ഇല്ലാത്ത പോസ്റ്റിലേക്ക് അടിച്ചെങ്കിലും ഓടിയെത്തിയ കീപ്പര്‍ തട്ടിയകറ്റി.
ആദ്യ പകുതിയിലെ പോരാട്ടവീര്യം രണ്ടാം പകുതിയുടെ തുടക്കത്തില്‍ കാണാന്‍ സാധിച്ചില്ല. 60 ാം മിനുട്ടില്‍ മണിപ്പൂരിന് അവസരം ലഭിച്ചു. വലതു വിംഗില്‍ നിന്ന് സോമിഷോന്‍ ഷിക് ബോക്സിലേക്ക് നല്‍കിയ ക്രോസ് സുധീര്‍ ലൈതോജം സിംഗ് നഷ്ടപ്പെടുത്തി. 66 ാം മിനിട്ടില്‍ മണിപ്പൂര്‍ സ്‌ട്രൈക്കര്‍ സോമിഷോന്‍ ഷികിന് ലഭിച്ച അവസരം നഷ്ടപ്പെടുത്തി. 74 ാം മിനിട്ടില്‍ ബംഗാള്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. ഇടതു വിംഗില്‍ നിന്ന് ദിലിപ് ഓര്‍വന്‍ അടിച്ച പന്ത് സെക്കന്‍ഡ് പോസ്റ്റിലേക്ക് താഴ്ന്ന് ഇറങ്ങുകയായിരുന്നു.