ദേശീയപാതയിൽ കാർ ഓടിക്കവേ ഹൃദയാഘാതം: ഡ്രൈവർ മരിച്ചു

നേമം• കരമന –കളിയിക്കാവിള ദേശീയപാതയിൽ കാർ ഓടിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ചു. നിയന്ത്രണം വിട്ട കാർ ദേശീയ പാത കുറുകെക്കടന്ന് എതിർ ദിശയിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിച്ചു നിന്നു. കാറിനുള്ളിൽ കുഴഞ്ഞുവീണ നരുവാമൂട് അമ്മാനൂർക്കോണം ടിസി നിവാസിൽ ജി.ചന്ദ്രനാണ്(56) മരിച്ചത്. നാട്ടുകാർ കാറിന്റെ ഗ്ലാസ് പൊട്ടിച്ച് പുറത്തെടുത്ത് അതേ കാറിൽ നേമം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഇന്നലെ രാവിലെ 11 മണിയോടെ നേമം വില്ലേജ് ഓഫിസിന് സമീപമാണ് സംഭവം.എയർപോർട്ടിലേക്ക് കരാർ അടിസ്ഥാനത്തിൽ കാർ സർവീസ് നടത്തുന്ന ചന്ദ്രൻ രാവിലെ വീട്ടിൽ നിന്ന് ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് അപകടം. കാറിന് വേഗം കുറവായിരുന്നതും എതിർ ദിശയിൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നതും മൂലമാണ് മറ്റു ദുരന്തങ്ങൾ ഒഴിവായത് . ഭാര്യ: ഷൈലജ(ആശ വർക്കർ, പള്ളിച്ചൽ). മക്കൾ: ശാലിനി, അരുൺ. സംസ്കാരം ഇന്ന് രാവിലെ 8ന് സിഎസ്ഐ അമ്മാനൂർകോണം ചർച്ചിൽ.