ചട്ടപ്രകാരമല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത നമ്പര്‍ നല്‍കുന്നതുവരെയോ അവ പൊളിച്ചുനീക്കുന്നതുവരെയോ കെട്ടിടനികുതിയും അതിന്റെ ഇരട്ടിത്തുകയും ഈടാക്കാനാണ് നിര്‍ദേശം.
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നഗരപ്രദേശങ്ങളില്‍ നിയമാനുസൃതമല്ലാതെ പണിത എല്ലാ കെട്ടിടങ്ങള്‍ക്കും പ്രത്യേക നമ്പര്‍ (യു.എ.) നല്‍കും. ഇരട്ടിനികുതിയും ഈടാക്കും. നഗരങ്ങളില്‍ പതിന്നാലാം പഞ്ചവത്സരപദ്ധതിക്കുള്ള വിഭവസമാഹരണത്തിനുള്ള മാര്‍ഗരേഖയിലാണ് പുതിയ നികുതിനിര്‍ദേശം. ചട്ടപ്രകാരമല്ലാതെ നിര്‍മിച്ച കെട്ടിടങ്ങള്‍ക്ക് നിയമാനുസൃത നമ്പര്‍ നല്‍കുന്നതുവരെയോ അവ പൊളിച്ചുനീക്കുന്നതുവരെയോ കെട്ടിടനികുതിയും അതിന്റെ ഇരട്ടിത്തുകയും ഈടാക്കാനാണ് നിര്‍ദേശം.
തദ്ദേശസ്ഥാപനങ്ങളുടെ ഡേറ്റാ ബാങ്കിലുള്ള കെട്ടിടങ്ങളുടെ യഥാര്‍ഥവിവരം സ്ഥലപരിശോധന നടത്തി കൃത്യത വരുത്തും. കെട്ടിടങ്ങളുടെ നികുതി നിര്‍ണയിച്ചശേഷം തറവിസ്തീര്‍ണത്തിലോ ഉപയോഗക്രമത്തിലോ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ നിരക്ക് പുതുക്കും. നികുതിനിര്‍ണയ പരിധിയില്‍ ഉള്‍പ്പെടാതെ ഒഴിവായിപ്പോയ കെട്ടിടങ്ങള്‍ കണ്ടെത്തി എന്‍ജിനിയറിങ് വിഭാഗത്തിന്റെ സഹായത്തോടെ ക്രമവത്കരിച്ച് നികുതി നിര്‍ണയിക്കും. സ്ഥലപരിശോധന (ഫീല്‍ഡ് പരിശോധന)യ്ക്ക് കുടുംബശ്രീ പ്രവര്‍ത്തകരെ ഉപയോഗപ്പെടുത്താനും നിര്‍ദേശമുണ്ട്.
റീസര്‍വേ: അധികഭൂമി പതിച്ചുനല്‍കാന്‍ ഓര്‍ഡിനന്‍സ്
തിരുവനന്തപുരം: റീസര്‍വേയില്‍ ഭൂമിയുടെ വിസ്തീര്‍ണം കൂടുതലെന്ന് കണ്ടെത്തിയാല്‍ അത് ഉടമസ്ഥര്‍ക്ക് പതിച്ചുകിട്ടാനുള്ള നിയമം ഓര്‍ഡിനന്‍സായി ഉടന്‍ കൊണ്ടുവരും. നിയമം തയ്യാറാക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മിഷണറെ ചുമതലപ്പെടുത്തി. ബുധനാഴ്ച റവന്യൂ സെക്രട്ടേറിയറ്റ് യോഗത്തില്‍ കരട് ചര്‍ച്ചചെയ്യും. കണ്ടെത്തിയ അധികഭൂമി പതിച്ചുനല്‍കാന്‍ ഇപ്പോള്‍ വ്യവസ്ഥയില്ല. നികുതി അടയ്ക്കാനേ അനുവദിക്കാറുള്ളൂ. അധികഭൂമിക്ക് ഉടമസ്ഥാവകാശം നല്‍കാറില്ല. ഇത് നിയമനടപടികളിലേക്ക് നീങ്ങാറാണ് പതിവ്. ഭൂമി കൈമാറുമ്പോഴും അധികഭൂമിക്ക് വിലകിട്ടാറില്ല. അവസ്ഥയ്ക്ക് പരിഹാരം കണ്ടെത്താനാണ് നിയമം.
റീസര്‍വേയില്‍ അളവുവ്യത്യാസം കണ്ടെത്തിയ ഒന്നരലക്ഷത്തോളം കേസുകള്‍ സംസ്ഥാനത്ത് ഇപ്പോഴുണ്ട്. തുടങ്ങാനിരിക്കുന്ന ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയാവുമ്പോള്‍ കേസുകളുടെ എണ്ണം വന്‍തോതില്‍ ഉയരാനാണ് സാധ്യത.
നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിജിറ്റല്‍ റീസര്‍വേയിലുണ്ടാകുന്ന വ്യത്യാസവും എളുപ്പത്തില്‍ ക്രമീകരിക്കാനാവും. അധികഭൂമി ഉടമസ്ഥന് പതിച്ചുനല്‍കാന്‍ ചെറിയ ഫീസ് ഈടാക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നു. ഫീസ് വിപണിവിലയ്‌ക്കോ ന്യായവിലയ്‌ക്കോ ആനുപാതികമാക്കരുതെന്ന അഭിപ്രായം സര്‍ക്കാരിനുണ്ട്. എത്ര ഈടാക്കണമെന്നത് റവന്യൂവകുപ്പ് തീരുമാനിക്കും.
കരം സ്വീകരിക്കാന്‍ ഉത്തരവ്; ജനത്തിന് ആശ്വാസം
റീസര്‍വേയില്‍ ഭൂമിയുടെ അളവിന് വ്യത്യാസം വന്നാല്‍ കരം സ്വീകരിക്കാന്‍ റവന്യൂവകുപ്പ് ഇറക്കിയ ഉത്തരവ് ഒട്ടേറെ ഭൂവുടമകള്‍ക്ക് ആശ്വാസകരമാണ്. റീസര്‍വേയില്‍ വിസ്തീര്‍ണം കൂടുതലായാല്‍ റീസര്‍വേക്കുമുമ്പ് ആധാരപ്രകാരം പോക്കുവരവ് ചെയ്ത് കരമൊടുക്കിയ പ്രകാരം തുടര്‍ന്നും കരം സ്വീകരിക്കാനാണ് വില്ലേജ് ഓഫീസര്‍മാര്‍ക്ക് റവന്യൂ അഡീഷണല്‍ ചീഫ്സെക്രട്ടറി നല്‍കിയ ഉത്തരവ്.
വിസ്തീര്‍ണം കുറഞ്ഞാല്‍ കൈവശമുള്ള ഭൂമിയുടെ കരം സ്വീകരിക്കണം. കരമൊടുക്കാന്‍ സമ്മതമാണെന്ന് ഭൂവുടമ എഴുതി നല്‍കണം. വ്യത്യാസം വരുന്ന ഭൂമിയുടെ കരമൊടുക്കാന്‍ താലൂക്ക് ഓഫീസുകളിലെ അഡീഷണല്‍ തഹസില്‍ദാര്‍മാര്‍ക്ക് മുന്നില്‍ ആയിരക്കണക്കിന് പരാതികളാണ് കെട്ടിക്കിടക്കുന്നത്. റീസര്‍വേ രേഖകളില്‍ കാണിച്ചിട്ടുള്ള വിസ്തീര്‍ണത്തിന്റെ അടിസ്ഥാനത്തിലേ പോക്കുവരവ് ചെയ്യാവൂവെന്ന് 1991-ല്‍ റവന്യൂ സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ചങ്ങല പിടിച്ച് അളക്കുന്നതിനെക്കാള്‍ കൃത്യതയുള്ള സര്‍വേ രീതികള്‍ വന്നതോടെ റീസര്‍വേയില്‍ അളവുവ്യത്യാസം വരുന്ന കേസുകള്‍ കൂടി.
എന്നാല്‍, പഴയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കരം സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറായില്ല. ഇതാണ് പരാതികള്‍ കൂടാന്‍ കാരണം. 1991-ലെ നിര്‍ദേശം റദ്ദാക്കിയിട്ടുണ്ട്