എടുത്തുമാറ്റാവുന്ന തരത്തിലുള്ള സൗരോർജ വാഹന ചാർജിങ് സ്റ്റേഷൻ ശംഖുംമുഖത്തിനു സമീപം സൗജന്യ ചാർജിങ്ങിനു വച്ചപ്പോൾ. സംരംഭകൻ സുജിത് രാജൻ സമീപം
തിരുവനന്തപുരം: എവിടെയും കൊണ്ടുപോകാനാകാവുന്ന സൗരോർജ വാഹന ചാർജിങ് സ്റ്റേഷനുമായി യുവ സംരംഭകന്റെ നേതൃത്വത്തിലുള്ള സംഘം. 55,000-ത്തോളം രൂപ ചിലവിട്ടു നിർമ്മിച്ച മാതൃകാ സ്റ്റേഷനിൽനിന്ന് ഒരു ദിവസം നാലു മുതൽ ആറു വരെ വൈദ്യുതവാഹനങ്ങൾ ചാർജ് ചെയ്യാനാകും.
കൊച്ചുവേളി വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന സി.യു. പവർ ടെക്‌നോളജീസ് ഉടമ സുജിത് രാജനും സംഘവുമാണ് ചാർജ്ജിങ് സ്റ്റേഷനു പിന്നിൽ. ‘പോർട്ടബിൾ ഓഫ് ഗ്രിഡ് സോളാർ ചാർജിങ് സ്റ്റേഷൻ’ എന്നാണ് പേരു നൽകിയിരിക്കുന്നത്.
220 എ.എച്ച്. ശേഷിയുള്ള ബാറ്ററിയും ഒരു കിലോവാട്ടിന്റെ സോളാർ പാനലുകളുമാണുള്ളത്. ചാർജ് ചെയ്യാനുള്ള വാഹനങ്ങളുടെ എണ്ണത്തിനനുസരിച്ച് ബാറ്ററിയുടെയും സോളാർ പാനലുകളുടെയും ശക്തി കൂട്ടുകയും കുറയ്ക്കുകയും ചെയ്യാം.
ഒരു ഇരുചക്രവാഹനം പൂർണമായി ചാർജ് ചെയ്യാൻ നാലു മണിക്കൂർ വരെ എടുക്കും. സൗരോർജ വൈദ്യുതി ഉപയോഗിക്കുന്നതിനാൽ പ്രതിദിനമുള്ള ചെലവും ഒഴിവാകും. പകൽ സൗരോർജത്തിൽനിന്നു നേരിട്ട് ചാർജ്ജ് ചെയ്യാം. രാത്രിയിലേക്കാണ് ബാറ്ററി സ്ഥാപിച്ചിട്ടുള്ളത്.
ശംഖുംമുഖം, തൈക്കാട് പോലീസ് മൈതാനം എന്നിവിടങ്ങളിലടക്കം തിരുവനന്തപുരം നഗരത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഇപ്പോൾ മാതൃകാ സ്റ്റേഷൻ, മാറി മാറി സൗജന്യ ചാർജിങ്ങിനായി വച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയ്ക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ളതാണ് ഇപ്പോഴത്തെ മാതൃക. വൈദ്യുതിയിലോടുന്ന കാറുകൾക്കനുയോജ്യമായ ചാർജിങ് സ്റ്റേഷനുകൾ വികസിപ്പിച്ചുവരികയാണ്.
ഇലക്ട്രിക് എൻജിനിയർമാരായ സുജിത് രാജനും ഭാര്യ ദൃശ്യക്കുമാണ് കമ്പനിയുടെ നേതൃത്വം. 15 ജീവനക്കാരുണ്ട്. ശ്രീലങ്കയിലും ദുബായിലുമടക്കം പല രാജ്യങ്ങളിലും ഉത്തരേന്ത്യയിലും സൗരോർജ്ജ പദ്ധതികളുമായി ബന്ധപ്പെട്ട് സുജിത് പ്രവർത്തിച്ചിട്ടുണ്ട്.
ഓട്ടോ സ്റ്റാൻഡുകൾ, കമ്പനികൾ, സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങൾ ലക്ഷ്യമിട്ടാണ് പോർട്ടബിൾ ചാർജിങ് സ്റ്റേഷനുകൾ നിർമ്മിക്കുന്നതെന്ന് സുജിത് പറയുന്നു.