*സഹായിക്കണമെങ്കില്‍ നേരത്തെ ആകാമായിരുന്നു ഇടതുസംഘടനയുടെ സഹായം നിരസിച്ച് അജേഷ്*

*ഇടത് സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ വായ്പാ കുടിശിക അടച്ചുതീര്‍ത്തതിനെ തള്ളിപ്പറഞ്ഞാണ് ജപ്തി നടപടി നേരിട്ട വീട്ടുടമ രംഗത്തെത്തിയത്*
അജേഷിന്റെ വീട്
മൂവാറ്റുപുഴ: ഇടതുസംഘടനയില്‍പ്പെട്ട ബാങ്ക് ജീവനക്കാരുടെ സഹായം നിരസിച്ച് മൂവാറ്റുപുഴയില്‍ ജപ്തി നടപടി നേരിട്ട വീട്ടുടമ അജേഷ്. ഹൃദ്രോഗിയായ അജേഷ് ആശുപത്രിയിലായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത മൂന്നു പെണ്‍കുട്ടികളടക്കം നാലു മക്കളെ ഇറക്കിവിട്ട് വീട് ജപ്തിചെയ്ത മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് അധികൃതരുടെ നടപടി പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടനയായ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയനാണ് ബാങ്കിലെ അജേഷിന്റെ വായ്പാ കുടിശിക അടച്ചുതീര്‍ത്തത്. ഈ സഹായമാണ് അദ്ദേഹം നിരസിച്ചിട്ടുള്ളത്. സഹായിക്കാനാണെങ്കില്‍ നേരത്തേ ആകാമായിരുന്നെന്ന് അജേഷ് പ്രതികരിച്ചു.

സഹകരണ ബാങ്ക് ജീവനക്കാരുടെ ഇടത് സംഘടന അജേഷിന്റെ വായ്പാതുക അടച്ചതു സംബന്ധിച്ച് ബാങ്ക് മേധാവി ഗോപി കോട്ടമുറിക്കല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റുമിട്ടിരുന്നു. അജേഷിന്റെ ബാധ്യത ഏറ്റെടുക്കുമെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അതിനുമുമ്പേ ലോണ്‍ അടച്ച് തീര്‍ക്കുകയായിരുന്നു.

ശനിയാഴ്ച ഉച്ചയ്ക്കാണ് പായിപ്ര പേഴയ്ക്കാപ്പിള്ളി വലിയപറമ്പില്‍ വി.എ. അജേഷ്‌കുമാറിന്റെ വീട് മൂവാറ്റുപുഴ അര്‍ബന്‍ ബാങ്ക് ജപ്തിചെയ്തത്. ഇതിനെതിരേ നാട്ടുകാരും ജനപ്രതിനിധികളും രംഗത്തുവരുകയും മാത്യു കുഴല്‍നാടന്‍ വീടിന്റെ സീല്‍ ചെയ്ത താഴ് തകര്‍ത്ത് രാത്രി കുട്ടികളെ വീട്ടില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് സംഭവം വിവാദമായതോടെയാണ് കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ലോണ്‍ അടച്ച് വിഷയം പരിഹരിച്ചത്