മുംബൈ: എ.ടി.എമ്മില്‍ നിറയ്ക്കാനുള്ള പണവുമായി കടന്നുകളഞ്ഞ വാന്‍ ഡ്രൈവറെ 24 മണിക്കൂറിനുള്ളില്‍ പിടികൂടി മുംബൈ പോലീസ്. മഹാരാഷ്ട്രയിലെ കൊപര്‍ഖൈറാണേ സ്വദേശിയായ സന്ദീപ് ദാല്‍വി(35) എന്നയാളെയാണ് എന്‍.ആര്‍.ഐ. കോസ്റ്റല്‍ പോലീസ് പിടികൂടിയത്. നവിമുംബൈയിലെ വിവിധ എ.ടി.എമ്മുകളില്‍ നിറയ്ക്കാനുള്ള, 82.50 ലക്ഷം രൂപ നിറച്ച പെട്ടിയും വാനുമായാണ് ഇയാള്‍ മുങ്ങിയത്.
ബുധനാഴ്ച രാത്രിയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥര്‍ ഉല്‍വേയിലെ ഒരു എ.ടി.എമ്മില്‍ പണം നിറയ്ക്കുകയും സുരക്ഷാജീവനക്കാരന്‍ കാവല്‍നില്‍ക്കുകയും ചെയ്യുന്നതിനിടെയാണ് വാനും അതിനുള്ളിലെ പണപ്പെട്ടിയുമായി സന്ദീപ് കടന്നത്. 82.50 ലക്ഷം രൂപയായിരുന്നു ഈ സമയം വാനില്‍ ഉണ്ടായിരുന്നത്. ഇയാളുടെ മൊബൈല്‍ നമ്പര്‍ പോലീസിന് ലഭിച്ചിരുന്നില്ല. കൂടാതെ സംഭവം നടന്നത് രാത്രിയില്‍ ആയിരുന്നതിനാല്‍ സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കാനും പോലീസിന് സാധിച്ചില്ല. തുടര്‍ന്ന് ഇന്‍ഫോര്‍മര്‍മാരുടെയും മറ്റും സഹായത്തോടെയാണ് പ്രതിയെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞത്.
പന്‍വേല്‍ എസ്.ടി. സ്റ്റാന്‍ഡില്‍നിന്ന് പന്‍വേല്‍ റെയില്‍വേ സ്റ്റേഷനിലേക്ക് സന്ദീപ് പോകുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇരുസ്ഥലങ്ങളെയും ബന്ധിപ്പിക്കുന്ന റോഡില്‍നിന്ന്, വ്യാഴാഴ്ച രാത്രിയാണ് പോലീസ് ഇയാളെ പിടികൂടിയത്. പന്‍വേലില്‍നിന്ന് ട്രെയിന്‍ കയറി മറ്റ് എവിടേക്കെങ്കിലും പോകാനായിരുന്നു സന്ദീപിന്റെ ശ്രമമെന്നാണ് കരുതുന്നതെന്ന് എന്‍.ആര്‍.ഐ. കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനിലെ രവീന്ദ്ര പാട്ടീല്‍ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ സന്ദീപിനെ കോടതിയില്‍ ഹാജരാക്കി. ഇയാളെ ഏപ്രില്‍ 20 വരെ കോടതി, പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.
അറസ്റ്റിലായ സമയത്ത് 41,800 രൂപയായിരുന്നു സന്ദീപിന്റെ പക്കലുണ്ടായിരുന്നത്. ഇയാള്‍ അയ്യായിരം രൂപ മദ്യത്തിനു വേണ്ടി ചിലവഴിച്ചിരുന്നെന്നും ആയിരം രൂപ ടിപ്പ് ആയി ഒരു ഓട്ടോ ഡ്രൈവര്‍ക്ക് നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു. കൊപര്‍ഖൈറാണേയില്‍ ഭാര്യക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിച്ചുവന്ന സന്ദീപ്, വിവിധ സ്ഥലങ്ങളില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. എ.ടി.എം. മെഷീനുകളില്‍ പണം നിക്ഷേപിക്കുന്ന ഏജന്‍സികള്‍ക്ക് ഡ്രൈവര്‍മാരെയും സുരക്ഷാജീവനക്കാരെയും നല്‍കുന്ന സ്ഥാപനത്തില്‍ ഈയടുത്താണ് സന്ദീപ് ജോലിക്കു ചേര്‍ന്നത്. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുള്ളതായി പോലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.