ടിക്കറ്റെടുത്തത് മകളുടെ പിറന്നാൾ ദിനത്തിൽ; പിറ്റേന്ന് അച്ഛന് 70 ലക്ഷത്തിന്റെ ഭാ​ഗ്യം

പാലക്കാട്: മകളുടെ പിറന്നാൾ ദിനത്തിൽ എടുത്ത ഭാ​ഗ്യക്കുറിയിലൂടെ അച്ഛന് 70 ലക്ഷത്തിന്റെ ഒന്നാം സമ്മാനം. പാലക്കാട് പല്ലശ്ശനയിലെ ഹോട്ടല്‍ വ്യാപാരിക്കാണ് ഈ അതുല്യഭാ​ഗ്യം ലഭിച്ചത്. പല്ലശ്ശന അണ്ണക്കോട് വീട്ടില്‍ എച്ച്. ഷാജഹാനാണ് അക്ഷയ ഭാ​ഗ്യക്കുറിയുടെ ഒന്നാം സമ്മാനം. തേങ്കുറിശ്ശി തില്ലങ്കാട്ടില്‍ ചെറുകിട ഹോട്ടല്‍ വ്യാപാരിയാണ് ഷാജഹാന്‍. കൃഷ്ണൻ എന്ന കച്ചവടക്കാരനിൽ നിന്ന്  എട്ട് ടിക്കറ്റുകളാണ് ഇയാൾ എടുത്തത്. ഇതിൽ AC 410281 എന്ന ടിക്കറ്റിലൂടെ ഷാജഹാനെയും കുടുംബത്തെയും തേടി ഭാ​ഗ്യം എത്തുക ആയിരുന്നു. വല്ലപ്പോഴും ഭാ​ഗ്യപരീക്ഷണം നടത്താറുള്ള ഷാജഹാന് മുമ്പ് 5000 രൂപവരെ സമ്മാനം ലഭിച്ചിട്ടുണ്ട്.ഭാര്യ സജ്ന, മക്കളായ സഫുവാൻ, സിയാ നസ്രിൻ, സഫ്രാൻ എന്നിവരടങ്ങുന്ന കുടുംബമാണ് ഷാജഹാന്റേത്. സിയയുടെ പിറന്നാൾ ദിനമായ ചൊവ്വാഴ്ചയാണ് ഇദ്ദേഹം ടിക്കറ്റ് എടുത്തത്. ഐ.എന്‍.ടി.യു.സി. മണ്ഡലം പ്രസിഡന്റ് എസ്. ഹനീഫയുടെ മകനാണ് ഷാജഹാന്‍.