കല്ലമ്പലത്തിൽ തെരുവ് നായ്‌ക്കളുടെആക്രമണത്തില്‍ കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ.നഹാസിനു ഉൾപ്പെടെ 5 പേര്‍ക്ക് പരിക്ക്

കല്ലമ്പലം :  കല്ലമ്പലത്തു തെരുവ് നായ്‌ക്കളുടെ ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്ക്. കെ.ടി.സി.ടി ചെയര്‍മാന്‍ പി.ജെ.നഹാസ്, പള്ളിക്കല്‍ സ്വദേശി ഇബ്രാഹിം, പുലിക്കുഴി സ്വദേശി അഖില്‍, കരവാരം സ്വദേശി സുനിത, പലവക്കോട് സ്വദേശി നാസര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിലാണ്‌ അഞ്ചുപേരും നായ്ക്കളുടെ ആക്രമണത്തിനിരയായത്. മൂന്ന് പേര്‍ക്ക് നേരിട്ട് നായയുടെ കടിയേല്‍ക്കുകയും രണ്ട് പേര്‍ വീണ് പരിക്കേല്‍ക്കുകയുമായിരുന്നു.

പി.ജെ. നഹാസിന്റെ ഇടത് കാലിന്റെ ഉപ്പൂറ്റിയിലാണ് കടിയേറ്റത്. തിങ്കളാഴ്ച വൈകിട്ട് കല്ലമ്പലം പെട്രോള്‍ പമ്പിന് സമീപം വച്ചാണ് പിന്നിലൂടെ ഓടിവന്ന നായ കാലില്‍ കടിച്ചത്. ആഴത്തിലുള്ള മുറിവായതിനാല്‍ ഉടന്‍ തന്നെ കെ.ടി.സി.ടി ആശുപത്രിയില്‍ ചികിത്സ തേടി.

ഇബ്രാഹിമിനും, അഖിലിനും കല്ലമ്പലം  പുല്ലൂര്‍മുക്ക് റോഡില്‍ വച്ച്‌ ഞായറാഴ്ച പുലര്‍ച്ചെയാണ് തെരുവ് നായയുടെ കടിയേറ്റത്.

സ്കൂട്ടിയില്‍ പോവുകയായിരുന്ന സുനിതയും ബൈക്കില്‍ പോകുകയായിരുന്ന നാസറും കൂട്ടത്തോടെയുള്ള നായ്ക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയായിരുന്നു. കരവാരം, നാവായിക്കുളം, ഒറ്റൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കല്ലമ്പലം തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാണെന്നും പഞ്ചായത്ത്‌ തലത്തില്‍ നടപടിയുണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.