തിരുവനന്തപുരം:കെഎസ്ആർടിസി- സ്വിഫ്റ്റ് സർവീസ് തിങ്കളാഴ്ച ആരംഭിക്കും. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ വൈകിട്ട് 5.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്യും. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനാകും. ആദ്യ സർവീസ് തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കാണ്. കിടന്ന് യാത്ര ചെയ്യാനാകുന്ന കെഎസ്‌ആർടിസിയുടെ ആദ്യ സർവീസാണ് ഇത്.
12ന് മടക്കയാത്ര ബാംഗളൂരുവിൽ പകൽ മൂന്നിന് മന്ത്രി ആന്റണി രാജു ഫ്ലാഗ് ഓഫ് ചെയ്യും. അന്നേ ദിവസം മലയാളികളുടെ യാത്രാ പ്രശ്നങ്ങൾ ബംഗളൂരു മലയാളി സംഘടനകളുമായി മന്ത്രി ചർച്ച ചെയ്യും. ദീർഘദൂര സർവീസുകൾക്കായി സർക്കാർ വിഹിതം ഉപയോഗിച്ച് 116 ബസാണ് സ്വിഫ്‌റ്റ് വാങ്ങിയത്. സീറ്റ് റിസർവേഷൻ വ്യാഴംമുതൽ ആരംഭിച്ചിരുന്നു.
കൂടുതൽ സർവീസുമായി കെഎസ്ആർടിസി
വിഷു, ഈസ്റ്റർ തിരക്ക് കണക്കിലെടുത്ത് പ്രത്യേക സർവീസുമായി കെഎസ്ആർടിസിയും സ്വിഫ്റ്റും. യാത്രക്കാരുടെ ആവശ്യാർഥം സംസ്ഥാന,അന്തർ സംസ്ഥാന റൂട്ടിൽ സർവീസ് നടത്തും. ആകെ 34 സൂപ്പർ ക്ലാസ് ബസ് കൂടാതെ അവധിക്കാലത്ത് കൂടുതൽ സർവീസുണ്ടാകും. 18 വരെ ഈ സർവീസിന് ടിക്കറ്റ് ഓൺലൈനിൽ ബുക്ക്‌ചെയ്യാം. യാത്രക്കാരുടെ തിരക്കനുസരിച്ച് പ്രധാന റൂട്ടിൽ അധിക സർവീസും ഹ്രസ്വദൂര,- ദീർഘദൂര സർവീസും 12,13, 17,18 തീയതികളിൽ ക്രമീകരിച്ചു. www.online.keralartc.com വെബ്സൈറ്റ് വഴിയും enteksrtc എന്ന mobile app വഴിയും ടിക്കറ്റ് ബുക്ക്‌ചെയ്യാം.
പ്രധാന റൂട്ട്
എസി സ്ലീപ്പർ: കണിയാപുരം–-- തിരുവനന്തപുരം- –-ബംഗളൂരു (നാഗർകോവിൽ–-- തിരുനെൽവേലി–-- ഡിൻഡിഗൽ-വഴി), തിരുവനന്തപുരം- –-ബംഗളൂരു (ആലപ്പുഴ-–- വൈറ്റില–-- തൃശൂർ–-- കോയമ്പത്തൂർ–-- സേലം വഴി), ബംഗളൂരു –-തിരുവനന്തപുരം (സേലം–- കോയമ്പത്തൂർ–- തൃശൂർ–-- വൈറ്റില–- ആലപ്പുഴ വഴി), എറണാകുളം -–-ബംഗളൂരു (സേലം–- കോയമ്പത്തൂർ–-, തൃശൂർ വഴി).
എസി സെമി സ്ലീപ്പർ: പത്തനംതിട്ട -–-ബംഗളൂരു (കോട്ടയം–-- തൃശൂർ–-- കോയമ്പത്തൂർ–-- സേലം വഴി), കോഴിക്കോട്-–-ബംഗളൂരു, കോഴിക്കോട്- മൈസൂർ.
നോൺ എസി ഡീലക്സ്: തിരുവനന്തപുരം- –-കണ്ണൂർ, മാനന്തവാടി- –-തിരുവനന്തപുരം, സുൽത്താൻ ബത്തേരി -–-തിരുവനന്തപുരം, തിരുവനന്തപുരം-, വൈറ്റില- ആലപ്പുഴ വഴി സുൽത്താൻബത്തേരി, തിരുവനന്തപുരം –-കോട്ടയം, -തൃശൂർ–-- കോഴിക്കോട്, തിരുവനന്തപുരം–- - എറണാകുളം-–- കോഴിക്കോട്.
സൗജന്യ ടിക്കറ്റ് �നാലുപേർക്ക്
കെഎസ്‌ആർടിസി സ്വിഫ്‌റ്റ് ആദ്യ സർവീസിനായി ഓൺലൈനിൽ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്കുള്ള സൗജന്യ മടക്കയാത്ര ടിക്കറ്റ് നാലുപേർക്ക്. ജോസഫ് സ്കറിയ (പൂഞ്ഞാർ), കെ അരുൺ (ബംഗളൂരു), അനൂബ് ജോർജ് (പത്തനംതിട്ട, പുല്ലാട്), എം അരുൺ (തിരുവനന്തപുരം, പൂജപ്പുര) എന്നിവർക്ക് തിങ്കളാഴ്‌ച തമ്പാനൂരിലെ സർവീസ് ഫ്ലാഗ്‌ഓഫ് ചടങ്ങിൽവച്ച് ടിക്കറ്റിനുള്ള സൗജന്യ കൂപ്പൺ മന്ത്രി ജി ആർ അനിൽ സമ്മാനിക്കും. മന്ത്രി എം വി ഗോവിന്ദൻ ഗ്രാമവണ്ടി ഗൈഡ് ബുക്ക് പ്രകാശിപ്പിക്കും. മന്ത്രി വി ശിവൻകുട്ടി സ്വിഫ്റ്റ് വെബ്സൈറ്റ് പ്രകാശനം നിർവഹിക്കും.