ബസ് ഡ്രൈവറുടെ മകൻ, 500 രൂപ ദിവസക്കൂലി വാങ്ങിയിരുന്ന നടൻ; യഷിന്റെ കഥ ഇങ്ങനെ

പത്തു വർഷം മുമ്പ് കർണാടകയിലെ ഒരു സാധാരണ ബസ് ഡ്രൈവറുടെ മകൻ നവീൻകുമാർ താൻ ഭാവിയിലെ വലിയ സൂപ്പർസ്റ്റാറാകുമെന്ന് പറഞ്ഞപ്പോൾ അന്ന് പലരും കളിയാക്കിച്ചിരിച്ചിരുന്നു. എന്നാൽ ആ വ്യക്തി ഇന്ന് ഉയരങ്ങൾ കീഴടക്കി കുതിക്കുന്നതു കണ്ട് അതേ ആളുകൾ ഇന്ന് കൈയടിച്ചു ആർത്തുല്ലസിക്കുകയാണ്. സിനിമാഭിനയത്തിൽ ഒരു പതിറ്റാണ്ടു പൂർത്തീകരിച്ചപ്പോൾ പഴയ നവീൻകുമാർ ഗൗഡ ഇന്ന് കന്നഡയിലെ മാത്രമല്ല ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളിലൊരാളാണ്.കന്നഡയിലെ സിൽവർസ്ക്രീനിലെ ഇന്നത്തെ മിന്നും താരമാകുന്നതു വരെയുള്ള യഷിന്റെ ജീവിത യാത്ര കല്ലുകളും മുള്ളുകളും നിറഞ്ഞതായിരുന്നു. അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശം കൊണ്ടു തന്നെയാണ് യഷ് പഠനം പൂർത്തിയാക്കിയ ഉടൻ നാടകത്തിൽ ചേരുന്നത്. സാധാരണക്കാരായ മാതാപിതാക്കൾക്ക് മകന്റെ തീരുമാനത്തിൽ ആശങ്കയുണ്ടായിരുന്നു. സിനിമ ശാശ്വതമല്ലെന്നും ഒരുപാട് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ സിനിമയിൽ മുഖം കാണിക്കാൻ സാധിക്കുകയുള്ളൂവെന്നും അവർ വിശ്വസിച്ചു. എന്നാൽ യഷ് തന്റെ സ്വപ്നങ്ങളിൽ നിന്ന് അണുവിടപോലും പിൻമാറാൻ കൂട്ടാക്കിയില്ല. നാടകവേദികളിൽ നിന്നും അദ്ദേഹം പതിയെ മിനി സ്ക്രീനിലേക്ക് ചേക്കേറി. സീരിയലിൽ നിന്ന് 500 രൂപയായിരുന്നു യഷിന് തുടക്കത്തിൽ ലഭിച്ചത്.
ബൈക്കോടിച്ച് അയാൾ സീരിയൽ സെറ്റുകളിലെത്തി. കഥാപാത്രങ്ങൾക്ക് ലഭിച്ച ചെറിയ പ്രതിഫലം കൊണ്ട് പുതിയ ഷർട്ടും പാന്റും വാങ്ങി. കിട്ടുന്ന പണം കൂട്ടിവച്ച് ഒരു കാർ വാങ്ങാൻ ഉപദേശിച്ചവരോട് 'ഒരു നാൾ ഞാൻ വലിയ കാർ വാങ്ങും, അതു വരെ ആവശ്യത്തിന് നല്ല തുണി വാങ്ങി ഇടട്ടെ' എന്നു മറുപടി നൽകി. അപ്പോഴും സിനിമ തന്നെയായിരുന്നു ഏറ്റവും വലിയ സ്വപ്നം. ഈ വഴിയിലെല്ലാം അവഗണനയും നിരാശയും അറിഞ്ഞുവെങ്കിലും പടിപടിയായി മുന്നേറാൻ യഷിന് സാധിച്ചു. 2007ൽ ജമ്പട ഹുഡുഗി എന്ന ഫീച്ചർ സിനിമയിൽ സഹനടനായി മുഖം കാണിച്ചെങ്കിലും തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ 'മോഗിന മനസു'വിലൂടെയാണ് യഷ് നായകനായി ജനമനസുകൾ കീഴടക്കിയത്. ആ ചിത്രത്തിലെ നായിക രാധിക പണ്ഡിറ്റ് പിന്നെ യഷിന്റെ ജീവിതസഖിയുമായി.പ്രശാന്ത് നീലിന്റെ കെജിഎഫ് ആദ്യഭാഗമാണ് യഷിനെ ഇന്ത്യയിലെ മുൻനിരതാരപദവിയിലെത്തിച്ചത്. കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, ഭാഷകളിലായി രാജ്യത്താകെ 1500 തീയേറ്ററുകളിലാണ് ഈ ബിഗ് ബജറ്റ് ചിത്രം റിലീസ് ആയത്. 1960-70 കാലഘട്ടത്തിൽ കോലാർ സ്വർണഖനി തൊഴിലാളികളുടെ അടിമ ജീവിതവും അവരുടെ അതിജീവനവും തുടർന്ന് അവിടെ നിന്നും അധോലോക നേതാവിലേക്കുള്ള നായകന്റെ വളർച്ചയും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് കെജിഎഫിൽ ദൃശ്യവൽക്കരിക്കുന്നത്. ഏറെ പ്രതിസന്ധികൾ തരണം ചെയ്ത് 2018 ൽ റിലീസ് ചെയ്ത കെജി.എഫ് ഇന്ത്യയൊട്ടാകെ തരംഗമായി. അണിയറ പ്രവർത്തകരുടെയും അഭിനേതാക്കളുടെയും പ്രതീക്ഷകൾക്കപ്പുറമായിരുന്നു ചിത്രത്തിന്റെ വിജയം. 80 കോടി ബജറ്റിൽ പുറത്തിറങ്ങിയ കെജിഎഫ് ആദ്യ ചാപ്റ്റർ 250 കോടി നേടി ഏറ്റവുമധികം കളക്ഷൻ നേടുന്ന കന്നട ചിത്രമായി. ഇന്റർനെറ്റ് ഡൗൺലോഡിംഗിലും കാഴ്ചക്കാരുടെ എണ്ണത്തിലും കെജിഎഫ് റെക്കോർഡ് നേടി.നാല് വർഷങ്ങൾക്കിപ്പുറം കെജിഎഫ് ചാപ്റ്റർ 2 ലൂടെ വിജയചരിത്രമാവർത്തിച്ചിരിക്കുകയാണ് യഷ്. പ്രശാന്ത് നീൽ എന്ന കഴിവുറ്റ ക്രാഫ്റ്റ്മാന്റെ അത്യുജ്ജ്വല സൃഷ്ടി എന്ന നിലയിലും കെജിഎഫ് ആഘോഷിക്കപ്പെടുകയാണ്. ആക്ഷൻ സീക്വൻസുകളും സംഭാഷണങ്ങളും ഡ്രാമ ക്രിയേഷനും കൊണ്ട് പ്രേക്ഷകരുടെ പ്രീതി ആവോളം നേടിയെടുത്ത ഒരു സിനിമയ്ക്ക് അതേ നിലവാരത്തിലും ചടുലതയിലും തുടർഭാഗം ഒരുക്കുകയെന്നത് അത്ര എളുപ്പത്തിൽ സാധ്യമാകുന്ന കാര്യമല്ല. പ്രേക്ഷകപ്രതീക്ഷയെ സാധൂകരിക്കുക എന്നതു തന്നെയാണ് വലിയ വെല്ലുവിളി. സിനിമാപ്രേമികളുടെ ഈ പ്രതീക്ഷയെയാണ് പ്രശാന്ത് നീലും സംഘവും പരിപൂർണമായി തൃപ്തിപ്പെടുത്തുന്നത്. കന്നടയ്ക്കൊപ്പം തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിൽ പ്രദർശനത്തിനെത്തിയ കെജിഎഫ് ചാപ്റ്റർ 2വിന്റെ ആദ്യ ദിന ഗ്രോസ് 134.5 കോടിയാണ്. ഇതിൽ 64 കോടി ഹിന്ദിയിൽ നിന്നാണെന്നത് ബോളിവുഡ് അടക്കമുള്ള ഇൻഡസ്ട്രികളിൽ കെജിഎഫ് ഉണ്ടാക്കിയ സ്വാധീനത്തെ കാണിക്കുന്നു. കേരളത്തിൽനിന്ന് ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടാനും കെജിഎഫിനായി, 8 കോടി.