തുടർച്ചയായി 387 കിലോമീറ്റർ ഓടി! വാഹന പൂജയ്ക്കായി എത്തിച്ച പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു,

ഹൈദരാബാദ്: വാഹനപൂജയ്ക്കായി കൊണ്ടുവന്ന പുത്തൻ റോയൽ എൻഫീൽഡ് ബൈക്ക് പൊട്ടിത്തെറിച്ചു. ബൈക്ക് പാര്‍ക്കിങ്ങില്‍ നിര്‍ത്തി ഉടമ ക്ഷേത്രത്തില്‍ പ്രവേശിച്ചയുടനെയായിരുന്നു അപകടം നടന്നത്.

ബൈക്ക് പൂർണ്ണമായും കത്തി നശിച്ചു. മൈസൂരുവില്‍ നിന്ന് ആന്ധ്രയിലെ അനന്ത്പുരിലേക്ക് 387 കിലോമീറ്റര്‍ ദൂരം തുടർച്ചയായി ഓടിച്ചാണ് ക്ഷേത്രത്തിൽ എത്തിയത്. തുടർച്ചയായി ഓടിച്ചത് മൂലം വാഹനം അമിതമായി ചൂടായതായിരിക്കാം തീ പിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. 
ബൈക്കിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. തീപിടിത്തമുണ്ടായതിന് പിന്നാലെ പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. വലിയ സ്‌ഫോടനമുണ്ടാകുന്നതിന്റെ വീഡിയോയാണ് പ്രചരിക്കുന്നത്.

സംഭവത്തിൽ വിശദമായ അന്വേഷണം നടത്തും. അതേസമയം, അപകടത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുണ്ടായിരുന്ന ആളുകൾ ഓടി മാറുന്നതും വീഡിയോയിൽ കാണാം.