വെറും മീനല്ല, ഇതു സ്വർണമത്സ്യം; 3 എണ്ണത്തിന് വില 2.25 ലക്ഷം!

ചവറ • കടൽ സ്വർണത്തിനു വില രണ്ടേകാൽ ലക്ഷം! തിങ്കളാഴ്‌ച നീണ്ടകര തുറമുഖത്ത് നടന്ന ലേലത്തിലാണ് കടൽ സ്വർണമെന്നറിയപ്പെടുന്ന കോര മത്സ്യം രണ്ടേകാൽ ലക്ഷം രൂപയ്ക്ക് വിറ്റു പോയത്. മൂന്ന് എണ്ണത്തിനാണ് ഇത്രയും തുക ലഭിച്ചത്. പട്ത്താ കോര എന്നറിയപ്പെടുന്ന മത്സ്യം അത്യപൂർവമായി കേരള തീരത്ത് അടുക്കാറുണ്ട്. നീണ്ടകരയിൽനിന്നും മീൻ പിടിക്കാൻ പോയ പൊഴിയൂർ സ്വദേശി ലൂക്കോസിന്റെ ഉടമസ്ഥതയിലുളള വള്ളത്തിലാണ് വിലയേറിയ മത്സ്യം കിട്ടിയത്.
രണ്ടേകാൽ ലക്ഷത്തിന് ലേലം ഉറപ്പിച്ചതോടെയാണ് തുറമുഖത്ത് മീൻ വാങ്ങാൻ എത്തിയ വ്യാപാരികളും സാധാരണക്കാരും ഇതിന്റെ സവിശേഷത തിരിച്ചറിഞ്ഞത്. മത്സ്യത്തൊഴിലാളികൾ പളുങ്ക് എന്ന് വിളിക്കുന്ന ബ്ലാഡറാണ് പട്ത്താ കോരയുടെ മൂല്യം വർധിപ്പിക്കുന്നത്. സങ്കീർണമായ ചില ശസ്ത്രക്രിയകൾക്ക് തുന്നൽ നൂൽ ഉണ്ടാക്കുന്നതിനാണ് പളുങ്ക് ഉപയോഗിക്കുന്നത്. ലൂക്കോസിന്റെ വള്ളത്തിന് മുൻപും പട്ത്താ കോരകൾ ലഭിച്ചിട്ടുണ്ട്. ഈ മീനിന്റെ സാന്നിധ്യം മനസ്സിലാക്കാൻ ലൂക്കോസിന്റെ തൊഴിലാളികൾക്ക് പ്രത്യേക കഴിവുണ്ടെന്ന് മറ്റു മത്സ്യത്തൊഴിലാളികൾ പറയുന്നു.